സ്വന്തം ലേഖകൻ
കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികൾ മത്സരിക്കേണ്ടതില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ നിർദേശം ബിജെപിയെ വട്ടംകറക്കുന്നു.യോഗം ഭാരവാഹികൾ ആരും ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങരുതെന്നാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്. ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാർ വെള്ളാപ്പള്ളിയും അനുനയിപ്പിക്കാൻ ബിജെപി കേന്ദ്രനേതൃത്വം തന്നെ രംഗത്തിറങ്ങും. ലോക്സഭ തെരഞ്ഞെടുപ്പിൽ ആറു സീറ്റുകൾ ചോദിച്ച ബിഡിജെഎസിനെ നാലിൽ ഒതുക്കാനുള്ള നീക്കത്തിനിടയിലാണ് വെള്ളാപ്പള്ളി നടേശന്റെ കടന്നാക്രമണം.
ഇതോടെ പ്രതിരോധകോട്ട പോലും തകർന്ന ബിജെപി കേരളഘടകത്തിനു മുന്നിൽ മറ്റൊരു മാർഗവുമില്ല. സിപിഎമ്മുമായി കൂടുതൽ അടുത്തുനിൽക്കുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാട് കൂടുതൽ തകർച്ചയാണ് ബിജെപിക്കു ഉണ്ടാക്കിയിരിക്കുന്നത്. തുഷാർവെള്ളാപ്പള്ളിയെ മത്സരിപ്പിച്ചു ബിഡിജെഎസിലൂടെ ഈഴവവോട്ടുകൾ സംഘടിപ്പിക്കാമെന്നു വിശ്വസിച്ചവർക്കാണ് അടിയായിരിക്കുന്നത്. ഇനി കേന്ദ്രം തന്നെ ഇടപെടുമെന്നു കേരളത്തിലെ മുതിർന്നനേതാവ് വ്യക്തമാക്കി.
സമ്മർദ്ദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളിയുടെ നീക്കമെന്നാണ് സൂചന. ബിജെപി കേന്ദ്രനേതൃത്വവുമായി നേരിട്ട് ചർച്ചയ്ക്ക് അവസരം ഒരുക്കാനാണ് ഇതെന്നും വിലയിരുത്തലുകൾ വരുന്നു. അങ്ങനെയെങ്കിൽ സംസ്ഥാന നേതൃത്വത്തെ വെട്ടി കൂടുതൽ സീറ്റുകൾ ബിഡിജെഎസിന് വേണ്ടി നേടിയെടുക്കാനാണ് ഇത്തരമൊരു ഇടപെടലും പ്രഖ്യാപനവുമെന്നാണ് ബിജെപി സംസ്ഥാന നേതാക്കൾ കരുതുന്നതെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ സീറ്റുകൾ നേടി ബിഡിജെഎസിനു കൂടി ഉറപ്പുള്ള സീറ്റിൽ തുഷാർ വെള്ളാപ്പള്ളിയെ നിർത്തുക എന്ന ലക്ഷ്യമുണ്ട്.
ശബരിമല വിഷയത്തിൽ ബിജെപിക്കെതിരേയാണ് വെള്ളാപ്പള്ളി. നവോഥാന മതിൽ നിർമാണത്തിൽ സിപിഎമ്മിനൊപ്പവും. ഇതോടെയാണ് കേരളത്തിൽ എൻഡിഎയ്ക്കൊപ്പം നിന്നിരുന്ന മകൻ തുഷാറിന്റെ കാര്യത്തിലും ആശങ്കയായത്. തുഷാർ മത്സരിക്കാനില്ലെന്ന് അടുത്തിടെ പ്രഖ്യാപിച്ചു. എന്നാൽ, താൽപര്യം അറിയിച്ച് ബിജെപി കാത്തിരിക്കുന്നതിനിടെയാണ് ഇപ്പോൾ വെള്ളാപ്പള്ളി നടേശൻ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം തുഷാർ വെള്ളാപ്പള്ളി ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ, മൽസരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുമില്ല. അങ്ങനെയിരിക്കെയാണ് നയം വ്യക്തമാക്കി വെള്ളാപ്പള്ളി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. തുഷാർ മത്സരിക്കണമെന്ന ആഗ്രഹം ബിജെപി വ്യക്തമാക്കിയിരുന്നു. തൃശൂർ മണ്ഡലം ബിഡിജെഎസ് ചോദിച്ച പശ്ചാത്തലത്തിൽ തുഷാർ സ്ഥാനാർഥിയാകുമെങ്കിൽ വിട്ടുനൽകാമെന്നും ബിജെപിയിൽ അഭിപ്രായം ഉയർന്നിരുന്നു.
തൊട്ടുപിന്നാലെ ചേർന്ന ബിഡിജെഎസ് സംസ്ഥാന കൗണ്സിലിലും തൃശൂരിലെങ്കിലും തുഷാർ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.പക്ഷേ, തുഷാർ ഇക്കാര്യത്തിൽ ഇതുവരെ നിലപാട് തുറന്നുപറഞ്ഞിട്ടില്ല. അതിനിടെ വെള്ളാപ്പള്ളി ഉടക്കിട്ടതോടെ ഇതിനെ മറികടന്ന് തുഷാർ എത്തുമോ എന്ന ആകാംക്ഷയായി. കേന്ദ്ര നേതൃത്വം എത്തി തുഷാറുമായി ചർച്ച നടത്തുകയും കൂടുതൽ ആനുകൂല്യം പാർട്ടിക്ക് നേടാൻ കഴിയുമെന്നാണ് ബിഡിജെഎസ് കണക്കുകൂട്ടുന്നത്.