ഇരിട്ടി: വൈദ്യുത ലൈനില്‍ നിന്നും വീടിന്റെ ഗ്രില്‍സിലേക്ക് വയര്‍ ഘടിപ്പിച്ച് വ്യാപാരിയെയും കുടുംബത്തെയും കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കി.
വൈദ്യുതി സംബന്ധമായ കൃത്യമായ അറിവുള്ളയാളാണ് പ്രതിയെന്നാണ് പോലീസ് നിഗമനം. ഇരിട്ടി എസ്ഐ പി.എം. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇരിട്ടി കൈരളി സ്റ്റോര്‍ ഉടമ പയഞ്ചേരിയിലെ പുതിയപറമ്പന്‍ അബ്ദുള്ളക്കുട്ടിയെ ആണ് വീട്ടുമുറ്റത്തെ വൈദ്യുതപോസ്റ്റിലെ ലൈനില്‍ നിന്നും വീട്ടുവരാന്തയിലെ ഗ്രില്‍സിലേക്ക് വയര്‍ ഘടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഉണര്‍ന്ന അബ്ദുള്ളക്കുട്ടിക്ക് ഗ്രില്‍സ് തുറക്കാന്‍ ശ്രമിക്കവേ ഷോക്കേല്‍ക്കുകയായിരുന്നു. ഇറയത്തെ റബര്‍ കാര്‍പ്പെറ്റില്‍ നിന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.