ജോൺസൺ പൂവന്തുരുത്ത്
മുൻവാതിൽ ആരോ തുറക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് പഠനത്തിൽ മുഴുകിയിരുന്ന രജനി ചെവിയോർത്തത്. അവൾ പതിയെ എഴുന്നേറ്റു മുറ്റത്തേക്കുള്ള ജനൽ തുറന്നു. നേരം വെളുത്തുവരുന്നതേയുള്ളൂ. ജനലിൽകൂടി നോക്കവേ, നെഞ്ചിനുള്ളിലൊരു വിങ്ങൽ… വാതിൽതുറന്നു മുറ്റത്തേക്ക് ഇറങ്ങിപ്പോയത് അനുജൻ മഹേഷ്.. മുഷിഞ്ഞ വേഷം, അലസമായി കിടക്കുന്ന മുടിയിഴകൾ, ഉറക്കച്ചടവുള്ള കണ്ണുകൾ. തിരക്കിട്ടു വഴിയിലേക്കാണ് നടത്തം. ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ്ഡിലേക്കാണ് അതിരാവിലെയുള്ള ഈ പോക്ക്. ഒരു വർഷത്തിലേറെയായി മഹേഷ് (യഥാർഥ പേരല്ല) ഇങ്ങനെയാണ്. പഠിക്കാൻ രജനിയേക്കാൾ മിടുക്കനായിരുന്നു അനുജൻ.
അവന്റെ മാറ്റം
രണ്ടു വർഷം മുന്പാണ് അവന്റെ സ്വഭാവത്തിലും ശീലത്തിലും ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. തമാശകളും കുസൃതികളുമൊക്കെയായി വീട്ടിലും നാട്ടിലും ഉൗർജസ്വലനായിരുന്ന മഹേഷ് പതിയെ പതിയെ ഉൾവലിയുന്നതുപോലെ തോന്നി. വീട്ടിലെ സംസാരങ്ങൾ കുറഞ്ഞു. അവന്റെ തമാശകളും കുസൃതികളുമൊക്കെ എവിടെയോ പോയി ഒളിച്ചതുപോലെ. പഠനത്തിന്റെ സമ്മർദവും മറ്റുമായിരിക്കാമെന്നായിരുന്നു വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ, മഹേഷിനെ തേടി അതുവരെ കണ്ടിട്ടില്ലാത്ത സുഹൃത്തുക്കളും മറ്റും ഇടയ്ക്കിടെ എത്തിത്തുടങ്ങിയതോടെ സർക്കാർ ഉദ്യോഗസ്ഥരായ മാതാപിതാക്കൾക്കും ചേച്ചി രജനിക്കുമൊക്കെ എന്തോ പന്തികേടു തോന്നിത്തുടങ്ങി.
അവിശ്വസനീയം
അങ്ങനെയവർ മഹേഷിന്റെ പഴയ കൂട്ടുകാരോടൊക്കെ അന്വേഷണം തുടങ്ങി. അവരൊന്നുമായി കുറെനാളായി മഹേഷിനു വലിയ അടുപ്പമില്ല. എങ്കിലും വിവരങ്ങൾ അന്വേഷിച്ചു പറയാമെന്ന് അവർ ഏറ്റു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവന്റെ പഴയ ഒരു കൂട്ടുകാരൻ മഹേഷിന്റെ അച്ഛനെ വിളിച്ചു. കൂട്ടുകാരൻ പറഞ്ഞ കാര്യങ്ങൾ കേട്ട് ആ മനുഷ്യൻ സ്തബ്ധനായിനിന്നു. മഹേഷ് അകപ്പെട്ടിരിക്കുന്നതു കഞ്ചാവ് വലിക്കുന്നവരുടെ കൂട്ടുകെട്ടിൽ. ഒറ്റ നിമിഷംകൊണ്ടു വീടൊരു നരകമായി മാറിയതുപോലെ അവർക്കു തോന്നി.
നാട്ടിൽ കുട്ടികളിൽ ചിലരൊക്കെ ഇത്തരം ദുശ്ശീലങ്ങളിലേക്കു പോകുന്നതായി പലരും പറഞ്ഞുകേട്ടിട്ടുണ്ട്. കഞ്ചാവ് പിള്ളേരെന്നു ചിലരെക്കുറിച്ചൊക്കെ പരിചയക്കാർ അടക്കം പറയുന്നതും കേട്ടിട്ടുണ്ട്. അപ്പോഴൊന്നും അങ്ങനെയൊരു വിളിപ്പേര് ഈ വീടിന്റെ പടികയറിവരുമെന്ന് മനസിൽ പോലും ചിന്തിച്ചിരുന്നില്ല. വീട്ടിൽ എല്ലാവരുടെയും ഉന്മേഷവും സന്തോഷവുമൊക്കെ എവിടെയോ പോയി മറഞ്ഞതായി രജനിക്കു തോന്നി.
പൊട്ടിത്തെറി
അന്നു വൈകിട്ട് മഹേഷ് എത്തിയതും വീട്ടിൽ വലിയ ഒരു പൊട്ടിത്തെറിയുണ്ടായി. സങ്കടവും ദേഷ്യവുമെല്ലാം അച്ഛനും അമ്മയും അവന്റെ മേൽ തീർത്തു. പക്ഷേ, അവൻ പേടിപ്പിക്കുന്ന ഒരു നിസംഗതയിൽ ആയിരുന്നു. ആദ്യത്തെ പിരിമുറുക്കമൊക്കെ മാറിയപ്പോൾ പിറ്റേന്നു രാവിലെ അച്ഛനും അമ്മയും ശാന്തമായി അവനോടു സംസാരിച്ചു. കുറെയേറെ നേരം ഉപദേശിച്ചു. കോളജിലെ ചില കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി തമാശയ്ക്കാണ് ഉപയോഗിച്ചു തുടങ്ങിയതെന്നും പിന്നെ അതു ശീലമായിപ്പോയെന്നും അവൻ തുറന്നു പറഞ്ഞു.
അമ്മയുടെ കണ്ണീരിനു മുന്നിൽ അവന്റെ കണ്ണുകളും നനഞ്ഞു. ഇനി മേലിൽ ഉപയോഗിക്കില്ലെന്ന് അവൻ അമ്മയോടു വാക്കുപറഞ്ഞു. എല്ലാം ഇന്നത്തോടെ ശരിയാകുമെന്ന് ഞങ്ങളെല്ലാവരും വിശ്വസിച്ചു. പക്ഷേ, കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. വഴക്കുപറച്ചിലും ഉപദേശങ്ങളുമൊക്കെ മുറയ്ക്കു നടന്നു. വൈകാതെ ഉപദേശങ്ങളുടെ ഇടവേളകൾ കൂടിക്കൂടി വന്നു.
താങ്ങാനാവാതെ
മഹേഷ് ആ മയക്കുമരുന്നിലേക്കു കൂടുതൽ അടുക്കുകയാണെന്ന് അവന്റെ പെരുമാറ്റങ്ങളും രീതികളുമൊക്കെ ഞങ്ങളോടു വിളിച്ചുപറഞ്ഞു. ഉപദേശിക്കാനോ ചോദിക്കാനോ ചെന്നാൽ അവൻ ദേഷ്യപ്പെട്ടുതുടങ്ങി. അതോടെ ആരും അവന്റെ കാര്യങ്ങളിൽ ഇടപെടാതെയായി. ഇടപെട്ടിട്ടും യാതൊരു കാര്യവുമില്ല എന്നു പറയുന്നതാവും കൂടുതൽ ഉചിതം. നാട്ടിൽ നല്ല മതിപ്പുണ്ടായിരുന്ന മാതാപിതാക്കൾക്ക് ഇതു താങ്ങാവുന്നതിലേറെയായിരുന്നു.
വീട് ഇപ്പോൾ ഒരു അഗ്നിപർവതംപോലെ പുകയുന്നു, എന്നാൽ, ഇതൊന്നും അറിയുന്നില്ലെന്ന മട്ടിലാണ് അവന്റെ വരവും പോക്കും. കോട്ടയം നഗരത്തിന് ഏറെ അകലെയല്ലാത്ത ഗ്രാമത്തിൽ ചെന്നാൽ മഹേഷിനെ കാണാം. കൂട്ടുകാർക്കൊപ്പം ഇടയ്ക്കിടെ അതിവേഗത്തിൽ ബൈക്കിൽ കറക്കവും മറ്റെന്തൊക്കെയോ ബിസിനസുകളും. കോളജിൽ പോക്ക് വല്ലപ്പോഴുമായി മാറിയിട്ടുണ്ടെന്നാണ് കൂട്ടുകാർ പറയുന്നത്. അവൻ കഞ്ചാവ് കന്പനിയിൽപ്പെട്ട വിവരം നാട്ടുകാർ പലരും അറിഞ്ഞതിനാൽ വീട്ടുകാർക്ക് ആൾക്കാരുമായി ഇടപെടാൻതന്നെ മടി. ആരും ഒന്നും ചോദിക്കരുതേയെന്നുള്ള പ്രാർഥനയോടെയാണു പുറത്തേക്ക് ഇറങ്ങുന്നതു തന്നെ.
മുക്കിനും മൂലയിലും
ഇതു കോട്ടയത്തെ ഒരു മഹേഷിന്റെ മാത്രം കഥയാണോ? കണ്ണുതുറന്നു ചുറ്റും നോക്കുന്ന എല്ലാ മലയാളികളും പറയും, അല്ലേയല്ല.. ഇതു കേരളത്തിന്റെ മുക്കിനും മൂലയിലും ആവർത്തിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകളാണ്. ആളിലും പേരിലും സാഹചര്യങ്ങളിലും മാറ്റങ്ങളുണ്ടെന്നു മാത്രം.
ഒരു കാലത്തു കൗമാരതലമുറയിലേക്കു മദ്യപാനശീലത്തിന്റെ കടന്നുകയറ്റത്തെക്കുറിച്ചു വേവലാതിപ്പെട്ടിരുന്ന സമൂഹം അതിനേക്കാൾ വലിയ ദുരന്തത്തിനു സാക്ഷ്യംവഹിച്ചു വിറങ്ങലിച്ചു നിൽക്കുന്നു. കേരളത്തിന്റെ കൗമാരതലമുറയിൽ വലിയൊരു വിഭാഗം കഞ്ചാവ് എന്ന അപകടകാരിയായ മയക്കുമരുന്നിന്റെ ഉപയോക്താക്കളും പ്രചാരകരും വിൽപനക്കാരുമായി മാറിയിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ടും ആളൊഴിഞ്ഞും കാടുപിടിച്ചും കിടക്കുന്ന കെട്ടിടങ്ങൾ പലതും ഇപ്പോൾ കൗമാരക്കാരുടെ താവളങ്ങളാണ്.
വിജനമായ തുരുത്തുകളിലും ഇടവഴികളിലും തോട്ടങ്ങളിലുമൊക്കെ കൗമാരസംഘങ്ങൾ വന്നു തന്പടിക്കുന്നു. നാട്ടിൻപുറങ്ങളിലെ പല കോണുകളിലും പരിചിതരും അപരിചിതരുമായ കുട്ടിക്കൂട്ടങ്ങളെ കാണാം. കഞ്ചാവ് പുകച്ചും പങ്കുവച്ചും കൈമാറിയും വില്പനക്കാരായുമൊക്കെ നമ്മുടെ കൗമാരതലമുറയിലൊരു വിഭാഗം വലിയൊരു ദുരന്തത്തിലേക്കു പതിയെ ചുവടുവച്ചുകൊണ്ടിരിക്കുന്നു.
കെണിയും കുരുക്കും
കേരളത്തിന്റെ പൊതുസമൂഹം ഇനിയും ഈ അപകടത്തിന്റെ ആഴം വേണ്ടത്ര ഗൗരവത്തിൽ മനസിലാക്കിയിട്ടുണ്ടോയെന്നു സംശയമാണ്. ഹയർ സെക്കൻഡറി മുതൽ പ്രഫഷണൽ കോളജ് കാന്പസുകളിൽ വരെ കഞ്ചാവിന്റെ പുകയും കറയും പടർന്നുകയറുകയാണ്. കഞ്ചാവിന്റെ ഉന്മാദത്തിലേക്കു കൗമാരതലമുറ വീണുപോയിരിക്കുന്നു. ഒരിക്കൽ വീണുകഴിഞ്ഞാൽ അത്ര എളുപ്പം കരകയറാൻ കഴിയാത്ത കെണിയും കുരുക്കുമാണ് ഈ ലഹരി സമ്മാനിക്കുന്നത്. ശരീരത്തെയും മനസിനെയും ഒരു പോലെ തകർത്തു കളയാനുള്ള ശേഷി ഇതിനുണ്ട്.
തമാശയ്ക്കു വേണ്ടിയുള്ള പരീക്ഷണങ്ങളാണ് പലരെയും ഇതിന്റെ അടിമകളും ഉപാസകരുമാക്കി മാറ്റിയിരിക്കുന്നത്. കുറെക്കാലമായി മാനസികാരോഗ്യ കേന്ദ്രങ്ങളിലും കൗണ്സലിംഗ് സെന്ററുകളിലും ഡി അഡിക്ഷൻ സെന്ററുകളിലുമൊക്കെ നൂറുകണക്കിനു യുവാക്കളാണ് കഞ്ചാവിന്റെ ഇരകളായി മാറിയതിന്റെ ദുരന്തവും പേറി കയറിയിറങ്ങുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഇപ്പോൾ ദിവസവും രണ്ടോ അതിൽ കൂടുതലോ കൗമാരക്കാർ ഇത്തരം പ്രശ്നങ്ങളുമായി എത്തുന്നുണ്ടെന്ന് കണ്സൾട്ടന്റ് സൈക്യാട്രിസ്റ്റ് ആയ ഡോ.ടോണി തോമസ് പറയുന്നു.
കഞ്ചാവിന്റെ കടന്നുകയറ്റം വഴി വ്യക്തി മാത്രമല്ല നശിക്കുന്നത് കുടുംബവും സമൂഹവും തലമുറ തന്നെയും അതിന്റെ പരിണിതഫലങ്ങൾ പേറേണ്ടി വരുന്നു. താത്കാലികമായി ലഭിക്കുന്ന ഉന്മാദത്തിനപ്പുറം ഒരു വ്യക്തിയെ ഈ മയക്കുമരുന്ന് എത്രത്തോളം തകർത്തുകളയുമെന്നതു സംബന്ധിച്ചു കൗമാരക്കാർക്കു വേണ്ടത്ര തിരിച്ചറിവില്ല എന്നതാണ് സത്യം.