ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തങ്ങളുടെ ന്യൂസ്ഫീഡിലൂടെയും പേജുകളിലൂടെയുമുള്ള രാഷ്ട്രീയ പരസ്യങ്ങളും പ്രചാരണങ്ങളും കൂടുതൽ സുതാര്യമാക്കാനൊരുങ്ങി സോഷ്യൽ മീഡിയ വന്പൻ ഫേസ്ബുക്ക്. ഫേസ് ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ ശിവ്നാഥ് തുക്റൽ ആണ് കന്പനിയുടെ പുതിയ പദ്ധതികൾ അവതരിപ്പിച്ചത്.
രാഷ്ട്രീയ പരസ്യങ്ങൾ ആരാണ് പുറത്തിറക്കിയതെന്നു യൂസർമാർക്കു മനസിലാക്കാനുള്ള സംവിധാനമാണ് കന്പനി അവതരിപ്പിക്കുക. ഇതോടൊപ്പം നിരവധി രാഷ്ട്രീയ പരസ്യങ്ങളുടെ ശേഖരമായ ആഡ് ലൈബ്രറിയും കന്പനിയുടെ പണിപ്പുരയിലാണ്. ഓരോ പരസ്യങ്ങളും ആരാണ് പുറത്തിറക്കിയത്, അതു പുറത്തിറക്കിയ വർഷം, അതിനു ലഭിച്ച വ്യൂസും ലൈക്ക്സും തുടങ്ങിയ വിവരങ്ങളൊക്കെ ആഡ് ലൈബ്രറിയിലൂടെ ഏവർക്കും ലഭ്യമാകും. ഏഴു വർഷം മുൻപ് വരെയുള്ള പരസ്യങ്ങൾ ഇതിൽ ലഭ്യമാണ്.
ആരാണ് പുറത്തിറക്കിയതെന്നതടക്കമുള്ള വിശദാംശങ്ങളില്ലാത്ത രാഷ്ട്രീയ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെടുന്ന ആർക്കും അക്കാര്യം ഫേസ്ബുക്കിനെ അറിയിക്കാമെന്നും അത്തരം പരസ്യങ്ങൾ നീക്കം ചെയ്യുമെന്നും ഫേസ്ബുക്ക് അറിയിച്ചു. രാഷ്ട്രീയ പ്രചാരണം ഏറ്റെടുത്തു നടത്തുന്ന പേജുകളുടെ വിശദാംശങ്ങൾ ആളുകൾക്ക് ലഭ്യമാക്കാനും ഫേസ്ബുക്ക് പദ്ധതിയിടുന്നുണ്ട്. ഈ മാസം 21 മുതൽ ഈ സംവിധാനങ്ങൾ പ്രവർത്തനം തുടങ്ങും.