മാരത്തണ്‍ ഓട്ടത്തിനിടയിൽ വഴിയരികിൽ കണ്ട നായക്കുട്ടിയെ കൈയിലെടുത്ത് യുവതി ഓടിയത് 30 കിലോമീറ്റർ. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്ത സംഭവം അരങ്ങേറിയത് തായ്ലൻഡിലാണ്.
42 കിലോമീറ്റർ ദൂരം മാരത്തണ്‍ ഓട്ടമായിരുന്നു ഇവിടെയുള്ള ഒരു സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഓട്ടം ആരംഭിച്ച ഒരു യുവതി ഏകദേശം 12 കിലോമീറ്റർ ദൂരം പിന്നിട്ടപ്പോഴാണ് വഴിയരികിൽ ഒരു നായക്കുട്ടി കിടക്കുന്നത് ശ്രദ്ധിച്ചത്.
ഇവർക്കൊപ്പം ഓടിക്കൊണ്ടിരുന്നവർ ഈ പട്ടിക്കുഞ്ഞിനെ കണ്ടിട്ടും അതിനെ അവഗണിച്ച് ഓട്ടം തുടരുകയായിരുന്നു. എന്നാൽ അതിനെ ഉപേക്ഷിച്ചു പോകുവാൻ ഈ യുവതിയുടെ മനസ് അനുവദിച്ചില്ല. തന്റെ ഓട്ടം നിർത്തിയ യുവതി ഈ നായക്കുട്ടി അനാഥമായി കിടക്കുന്നതാണെന്ന് മനസിലാക്കി.
മാത്രമല്ല തനിക്കൊപ്പം ഈ നായക്കുട്ടിയെ കൊണ്ടുപോകുവാൻ തീരുമാനിച്ചു. അതിനെ കൈയിലെടുത്ത ഇവർ തന്റെ ഓട്ടം പുനരാരംഭിച്ചു. തുടർന്ന് നായക്കുട്ടിയുമായി 30 കിലോമീറ്റർ ഓടി യുവതി മാരത്തണ്‍ പൂർത്തിയാക്കുകയുമായിരുന്നു.
നായ്ക്കുട്ടിയെ കൈയിലെടുത്ത് ഓടുന്നത് വളരെയധികം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് പിന്നീട് ഇവർ പ്രതികരിച്ചു. മാത്രമല്ല അനാഥമായി വഴിയരികിൽ കിടന്നിരുന്ന ഈ നായക്കുട്ടിയെ ഉപേക്ഷിച്ചു പോകുവാൻ തനിക്കു മനസ് വന്നില്ലെന്നും അതുകൊണ്ടാണ് അൽപ്പം ബുദ്ധിമുട്ടുള്ളതാണെങ്കിലും ഈ തീരുമാനം സ്വീകരിച്ചതെന്നും ഇവർ വ്യക്തമാക്കി.
നായ്ക്കുട്ടിയെ കൈയിലെടുത്ത് ഇവർ ഓടുന്നതിന്റെ ചിത്രങ്ങളും മറ്റും വൈറലായി മാറിയതിനെ തുടർന്ന് ഇവർക്ക് അഭിനന്ദനമർപ്പിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. മാത്രമല്ല നിരവധി അന്താരാഷ്ട്രമാധ്യമങ്ങൾ ഇവരെക്കുറിച്ച് വലിയ തലക്കെട്ടോടെ റിപ്പോർട്ടുകളും നൽകിയിരുന്നു.