അന്പലപ്പുഴ: കഴിഞ്ഞദിവസം രാത്രി പത്തോടെ മത്സ്യത്തൊഴിലാളികളും, വ്യാപാരികളും തമ്മിൽ പറവൂർ കടപ്പുറത്തു വച്ചുണ്ടായ സംഘർഷത്തിലെ പ്രതികളായ പറവൂർ പടിഞ്ഞാറ് പുളിക്കൽ ജോസഫിന്റെ മകൻ ജിത്തു(25), സഹോദരൻ നന്ദു(22) എന്നിവർക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി കടപ്പുറത്ത് മീനിന്റെ വിലയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് മൂന്നുമത്സ്യ വ്യാപാരികൾക്ക് മർദനമേറ്റിരുന്നു. ഇതിലെ പ്രതികളാണ് ജിത്തുവും, നന്ദുവും.
ഈ കേസിൽ ഇന്നലെ രാവിലെ പുന്നപ്ര പോലീസ് സ്റ്റേഷനിലെത്തി ജാമ്യത്തിലിറങ്ങി ഓട്ടോറിക്ഷയിൽ വീട്ടിലേക്കു മടങ്ങുന്ന വഴി പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ വച്ച് മാരുതി കാറിലും, ബൈക്കിലുമെത്തിയ പത്തോളം വരുന്ന അക്രമികൾ ഇവരെ തടയുകയും മർദിക്കുകയുമായിരുന്നു. ഭയന്നോടിയ ജിത്തുവിനെ പുന്നപ്ര പഞ്ചായത്ത് ഓഫീസിനു സമീപവും, നന്ദുവിനെ വില്ലേജ് ഓഫീസിനു സമീപവും വച്ച് മരകമായി വെട്ടിയും, കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. വടിവാൾ, വെട്ടുകത്തി, കന്പിവടി തുടങ്ങിയ മാരകായുധങ്ങളുമായി 10 ഓളം പേർ ചേർന്ന് സ്ഥലത്ത്ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
യുവാക്കളെ അക്രമിക്കുന്നതു കണ്ട് നാട്ടുകാർക്കും, വ്യാപാരികൾക്കും ഭയത്തോടെ നോക്കി നിൽക്കാനേ കഴിഞ്ഞുളളു. വിവരം അറിഞ്ഞെത്തിയ പുന്നപ്ര പോലീസ് ഓട്ടോറിക്ഷയിൽ ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വയറിനു മരകമായി കുത്തേറ്റ ജിത്തുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. നന്ദുവിന്റെ കാലിനും ശരീരത്തും വെട്ടും, കുത്തും ഏറ്റിട്ടുണ്ട്. വ്യാപാരികൾക്കു നേരെ ചൊവ്വാഴ്ചയുണ്ടായ അക്രമണത്തിന്റെ പകരം വീട്ടലാണ് നടന്നതെന്നു പോലീസ് പറഞ്ഞു.
കിലോയ്ക്ക് 200 രൂപ വരുന്ന മത്തി 65 രൂപക്കും, പിന്നീട് വില കുറച്ച് 45 രൂപയ്ക്കും വാങ്ങാൻ ശ്രമിച്ചതാണ് സംഘർഷത്തിനു കാരണമായി പറയപ്പെടുന്നത്.ഇതോടെ ചന്തക്കടവിലെ മത്സ്യ വില്പനയും നിന്നിരിക്കുകയാണ്. സംഘർഷ സാധ്യതയെ തുടർന്ന് കുറവൻതോട്, പുന്നപ്ര, പറവൂർ മേഖലകളിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പോലീ കണ്ട് ഓടി രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് തെരച്ചിൽ ഉൗർജിതമാക്കി.