പറവൂർ: ഭർത്താവ് കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഭാര്യയെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കാക്കനാട് തേങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരിയിൽ സജിത (39) യെ ആണ് പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി-ഒന്ന് ജഡ്ജി അഹമ്മദ് കോയ ശിക്ഷിച്ചത്. സജിതയുടെ ഭർത്താവ് പോൾ വർഗീസ് (42) ആണു കൊല്ലപ്പെട്ടത്.
അടുപ്പത്തിലായിരുന്ന കോട്ടയം പാന്പാടി സ്വദേശി ടിസനൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കേസിൽ ടിസനെ പോലീസ് രണ്ടാം പ്രതിയാക്കിയിരുന്നു. എന്നാൽ സാഹചര്യത്തെളിവുകളുടെ അഭാവത്തിൽ കോടതി ഇയാളെ വെറുതെവിട്ടു.
2011 ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയിൽ സജിത ഭർത്താവിന് ഉറക്കഗുളികകൾ കലർന്ന ഭക്ഷണം നല്കി മയക്കിയശേഷം കഴുത്തിൽ തോർത്ത് ഉപയോഗിച്ച് മുറുക്കിയും മുഖത്ത് തലയണവച്ച് ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
തൂങ്ങിമരിച്ചതാണെന്നു സജിത പറഞ്ഞതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരിച്ചതല്ലെന്നു വ്യക്തമായി. ടിസനും സജിതയും തമ്മിലുള്ള ഫോണ് സംഭാഷണങ്ങളും ഇവരുടെ പരസ്പര വിരുദ്ധമായ മൊഴികളും കേസിൽ നിർണായക തെളിവായി.
പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ പി. ശ്രീറാം, കെ.കെ. സാജിത, ജ്യോതി അനിൽകുമാർ എന്നിവർ ഹാജരായി.