കേള്‍വി സഹായ ഉപകരണം (സ്പീച്ച് പ്രൊസസര്‍) നഷ്ടമായ നിയമോള്‍ക്ക് സഹായവുമായി സാമൂഹ്യ സുരക്ഷാ മിഷന്. ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരിട്ടെത്തിയാണ് നിയമോള്‍ക്ക് കേള്‍വി സഹായ ഉപകരണം കൈമാറിയത്. ട്രെയിന്‍ യാത്രയ്ക്കിടെ കള്ളന് കൊണ്ടുപോയ കേള്‍വി സഹായിക്ക് പകരം പുതിയതുമായാണ് ശൈലജ നിയ മോളെ കാണാന്‍ എത്തിയത്.
സ്പീച്ച് തെറാപ്പിക്കായി കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്ടേക്ക് എഗ്മോര്‍ എക്സ്പ്രസിന്റെ ലേഡീസ് കംപാര്‍ട്മെന്റില്‍ അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സ്പീച്ച് പ്രൊസസര്‍ മോഷണം പോയത്. ജ്വല്ലറി ബോക്സിനു സമാനമായ പെട്ടിയിലായിരുന്നു സ്പീച്ച് പ്രൊസസര്‍ സൂക്ഷിച്ചിരുന്നത് . സ്വര്‍ണമോ മറ്റോ ആണെന്നു കരുതി ബാഗ് ഉള്‍പ്പെടെ കള്ളന് കൊണ്ടുപോയതാവാമെന്നാണ് ഇവര്‍ കരുതുന്നത്.
എന്നാല്‍ പുതിയൊണ്ണം വാങ്ങാന്‍ നാലുലക്ഷത്തോളം രൂപയാണു വേണ്ടിയിരുന്നത്. ഇത്രയും തുക കൊടുത്തു പുതിയ കേള്‍വി സഹായി വാങ്ങാന്‍ കഴിയാതെ നിസഹായാവസ്ഥയില്‍ ആയിരുന്നു നിയ മോളുടെ മാതാപിതാക്കള്‍. ഇക്കാര്യം മാധ്യമ വര്‍ത്തകളിലൂടെ അറിഞ്ഞാണ് ആരോഗ്യ മന്ത്രി സഹായവുമായി എത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിലുള്ള വീ കെയര്‍ പദ്ധതി പ്രകാരമാണ് നിയമോള്‍ക്ക് പുതിയ കേള്‍വി സഹായി നല്‍കിയത്. ജന്മനാ കേള്‍വി പ്രശ്നമുള്ള നിയ മോള്‍ക്ക് നാല് മാസം മുമ്പ് കോക്ലിയര്‍ ഇമ്പ്ലാന്റ് ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് ഉപകരണത്തിന്റെ സഹായത്തോടെ കേട്ട് തുടങ്ങിയത്. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ രാജേഷിന്റെയും തയ്യല്‍ജോലി ചെയ്യുന്ന അനിതയുടേയും മകളാണ് നിയശ്രീ.