നിയാസ് മുസ്തഫ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ലോക് താന്ത്രിക് ജനതാദളിന് എൽഡിഎഫ് സീറ്റ് നൽകില്ലായെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന അധ്യക്ഷൻ എം. വി ശ്രേയാംസ്കുമാർ. സീറ്റ് വിഭജനം സംബന്ധിച്ച് എൽഡിഎഫിൽ ചർച്ചകൾ ആരംഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് യോഗം ചേരുന്പോൾ ലോക് താന്ത്രിക് ജനതാദളിന്റെ അഭിപ്രായം വ്യക്തമാക്കുമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
പുതുതായി കടന്നുവന്ന നാലു ഘടകകക്ഷികൾക്ക് സീറ്റൊന്നും നൽകാൻ എൽഡിഎഫ് തയാറായേക്കില്ലായെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. 2014ലെ സീറ്റ് വിഭജന ഫോർമുല ഇത്തവണയും തുടരാനാണ് സാധ്യതയെന്നും അഭ്യൂഹം പ്രചരിച്ചിരുന്നു. ലോക് താന്ത്രിക് ജനതാദൾ, ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ, കേരളാ കോൺഗ്രസ്-ബി എന്നീ പാർട്ടികളെയാണ് എൽഡിഎഫിൽ പുതുതായി ഉൾപ്പെടുത്തിയത്.
ഇവരിൽ കേരള കോണ്ഗ്രസ് നേതാവ് ആർ. ബാലകൃഷ്ണപിള്ള തന്റെ പാർട്ടിക്കു ലോക്സഭാ സീറ്റിലേക്ക് അവകാശവാദമൊന്നുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക്താന്ത്രിക് ജനതാദൾ വടകരയും ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോണ്ഗ്രസ് പത്തനംതിട്ടയും ചോദിച്ചേക്കുമെന്നാണ് സൂചന.
11ന് എൽഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ ലോക്താന്ത്രിക് ജനതാദളും ജനാധിപത്യ കേരളാ കോൺഗ്രസും സീറ്റുകൾ ചോദിക്കും. കാസർഗോഡ് സീറ്റ് ലഭിച്ചാൽ കൊള്ളാമെന്ന് ഐഎൻഎല്ലിനും ആഗ്രഹമുണ്ട്. ഉപാധികളൊന്നുമില്ലാതെയാണ് നാലുകക്ഷികളും മുന്നണിയിലേക്കെത്തിയത് എന്നതിനാൽ പുതിയ ഘടകകക്ഷികളുടെ ആവശ്യത്തോട് എൽഡിഎഫ് യോഗം എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയേ ണ്ടിയിരിക്കുന്നു.
2014ൽ സിപിഎം15 സീറ്റിൽ മത്സരിച്ചിരുന്നു. സിപിഐ നാല് സീറ്റിലും ജനതാദൾ-എസ് ഒരു സീറ്റിലും മത്സരിച്ചു.വടകര കിട്ടിയില്ലെങ്കിൽ കോഴിക്കോട് മണ്ഡലം ലോക് താന്ത്രിക് ജനതാദൾ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. പക്ഷേ വടകരയും കോഴിക്കോടും ഘടകകക്ഷിക്ക് വിട്ടുനൽകേണ്ടതില്ലെന്നും സിപിഎം സ്ഥാനാർഥികൾ തന്നെ രണ്ടിടത്തും മത്സരിക്കുന്നതാണ് കൂടുതൽ വിജയസാധ്യതയെന്നുമുള്ള നിലപാടുള്ളവർ സിപിഎമ്മിലുണ്ട്.
അതേസമയം, ലോക് താന്ത്രിക് ജനതാദൾ എൽഡിഎഫിൽ തിരിച്ചുവന്നതോടെ വടകര, കോഴിക്കോട് സീറ്റിൽ എൽഡിഎഫിന് വിജയിക്കാനാകുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നതും. അതുകൊണ്ടു തന്നെ ലോക്താന്ത്രിക് ജനതാദളിനെ പൂർണമായും അവഗണിക്കാൻ എൽഡിഎഫിന് കഴിയില്ല. ലോക് താന്ത്രിക് ജനതദാളിന് സീറ്റിന് ന്യായമായും അവകാശമുണ്ടെന്ന് കരുതുന്ന നേതാക്കൾ എൽഡിഎഫിലുണ്ട്.
കഴിഞ്ഞ തവണ യുഡിഎഫിൽ ആയിരുന്നപ്പോൾ എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദളിന് പാലക്കാട് സീറ്റ് യുഡിഎഫ് നൽകിയിരുന്നു. ഈ സീറ്റിൽ അന്ന് എൽഡിഎഫ് ആണ് വിജയിച്ചത്. എംപി വീരേന്ദ്രകുമാറിനെ സിപിഎമ്മിലെ എം ബി രാജേഷ് തോൽപ്പിക്കുകയായിരുന്നു. വീരേന്ദ്രകുമാറിന്റെ സ്ഥാനാർഥിത്വത്തിനെതിരേ അന്ന് കോൺഗ്രസിനുള്ളിൽ എതിർപ്പുകൾ ഉയർന്നു.
ഈ എതിർപ്പുകൾ യുഡി എഫ് വിജയത്തെ ബാധിക്കുകയും ചെയ്തു.
കോൺഗ്രസിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണം ലഭിച്ചില്ലായെന്ന് പിന്നീട് എംപി വീരേന്ദ്രകുമാർ പ്രതികരിക്കുകയും ചെയ്തിരുന്നു.