ശ്രീകണ്ഠപുരം: സമൂഹമാധ്യമങ്ങളിലൂടെ നവദമ്പതികളെ അപകീർത്തിപ്പെടുത്തിയതിനു യുവാവിനെതിരേ കേസ്. ചെറുപുഴ പാറത്താഴ അനൂപ് പി. സെബാസ്റ്റ്യന്റെ ഭാര്യ ചെമ്പന്തൊട്ടിയിലെ തോട്ടുങ്കര ജൂബി ജോസഫിന്റെ പരാതിയിൽ ജോസ്ഗിരിയിലെ റോബിൻ തോമസിനെതിരേയാണു ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്.
പെണ്ണിനു വയസ് 48, ചെക്കന് വയസ് 25, പെണ്ണിന് ആസ്തി 15 കോടി, സ്ത്രീധനം 101 പവൻ 50 ലക്ഷം, ബാക്കി പുറകെ വരും’ എന്ന കമന്റോടു കൂടിയാണ് ഇയാൾ വാട്ട്സാപിലും ഫെയ്സ് ബുക്കിലും പ്രചാരണം നടത്തിയതെന്നു പരാതിയിൽ പറയുന്നു.
അടുത്തിടെയാണു പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനായ അനൂപും (29), ഷാർജയിൽ സ്വകാര്യ കമ്പനി ജീവനക്കാരിയായ ജൂബിയും (27) വിവാഹിതരായത്. വിവാഹ പരസ്യത്തിലെ വിലാസവും വിവാഹ ഫോട്ടോയും ചേർത്ത് ഇരുവർക്കുമെതിരേ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുകയായിരുന്നുവെന്നാണു പരാതി.
ശ്രീകണ്ഠപുരത്തെയും മലയോര മേഖലയിലെയും നിരവധി വാട്ട്സാപ് ഗ്രൂപ്പുകളിൽ പലരും ഇതു ഷെയർ ചെയ്തിട്ടുണ്ട്. യുവതി പരാതി നൽകിയതോടെ പലരും ഷെയർ ചെയ്തതു ഡിലീറ്റ് ചെയ്യുകയും കേസ് വരുന്ന ഭീതിയിൽ ഗ്രൂപ്പ് അഡ്മിൻമാർ ഇവരെ പുറത്താക്കുകയും ഗ്രൂപ്പ് പിരിച്ചുവിടുകയും ചെയ്തിട്ടുമുണ്ട്.
സൈബർ സെല്ലിന്റെ സഹായത്തോടെ എല്ലാവരേയും കണ്ടെത്താൻ ശ്രമിക്കുകയാണു പോലീസ്. കേസ് തെളിയിക്കപ്പെട്ടാൽ പ്രതികൾക്കു രണ്ടുവർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.