മാള: സാമൂഹ്യ സാംസ്കാരിക – രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവമായിരുന്ന അന്തരിച്ച കെ.എ.തോമസ് മാസ്റ്ററുടെ സ്മാരകമായ മാളയിൽ രാഷ്ട്രീയ – ചരിത്ര – പൈതൃക മ്യൂസിയം സ്ഥാപിക്കുന്നു.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന മുസിരീസ് പ്രൊജക്ട് ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായിട്ടുള്ളത്.
മന്ത്രിമാരായ കടകംപിള്ളി സുരേന്ദ്രൻ, ഡോ. തോമസ് ഐസക്, അഡ്വ. വി.ആർ.സുനിൽകുമാർ എംഎൽഎ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.മുസിരിസ് പൈതൃക പദ്ധതിയിലുൾപ്പെടുത്തി കൊടുങ്ങല്ലൂർ, പറവൂർ ഭാഗങ്ങളിൽ നേരത്തെ മ്യൂസിയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാളയിൽ ആദ്യത്തേതാണിത്.
2016 ഒക്ടോബർ ഒന്പതിനു തൃശൂരിൽ തോമസ് മാസ്റ്ററുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനത്തിൽ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കാണ് ഈ നിർദേശം ആദ്യമായി മുന്നോട്ടുവച്ചത്. 1965ലും 1967ലും കെ.കരുണാകരനെതിരെ മാളയിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച തോമസ് മാസ്റ്റർ 367 വോട്ടുകൾക്കാണ് 1967ൽ പരാജയപ്പെട്ടത്.
കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെയും തിരുകൊച്ചി മേഖലയിലെ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും സ്ഥാപക നേതാക്കളിൽ ഒരാളാണ് തോമസ് മാസ്റ്റർ. പട്ടം താണുപിള്ള ചെയർമാനും അരങ്ങിൽ ശ്രീധരൻ സെക്രട്ടറിയുമായിരുന്ന സോഷ്യലിസ്റ്റ് പാർട്ടി തിരുക്കൊച്ചി കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായും പാർട്ടി മുഖപത്രമായ സ്വതന്ത്രഭാരതം പത്രാധിപരായും തോമസ് മാസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്.