മുതലമട: കുറ്റിപ്പാടം, പള്ളം പ്രദേശങ്ങളിൽ പന്നിക്കൂട്ടം വ്യാപകതോതിൽ നെൽകൃഷി നശിപ്പിച്ചു. പന്നി ശല്യംമൂലം രാത്രി ഏഴാകുന്നതോടെ ഇരുചക്ര-കാൽനട ദുരിതത്തിലാകുകയാണ്. കുറ്റിപ്പാടത്ത് അർധരാത്രി വീടിനകത്തേക്ക് ഓടിക്കയറാൻ ശ്രമിച്ച പന്നി വളർത്തുനായയെ കുത്തിപരിക്കേല്പിച്ചിരുന്നു.കുറ്റിപ്പാടം, പള്ളം ഭാഗത്തെ അബ്ദുൾ റസാക്ക്, ഷേക്ക് മുസ്തഫ, ബദറുദീൻ, കബീർ, മുരുകൻ, അരുൾദാസ്, സുന്ദരൻ ഉൾപ്പെടെ നിരവധി കർഷകരുടെ വയലിൽ പന്നിക്കൂട്ടം ഇറങ്ങി വിളഞ്ഞ പാടങ്ങളിൽ നാശം വിതച്ചു.
ഗായത്രിപുഴയ്ക്കരികിൽ തന്പടിച്ച പന്നിക്കൂട്ടമാണ് സന്ധ്യയാകുന്നതോടെ അഞ്ചും പത്തും എണ്ണമായി വയലിൽ ഇറങ്ങുന്നത്. 25 ഏക്കറോളം വിളഞ്ഞ നെൽപ്പാടങ്ങളാണ് പന്നിക്കൂട്ടം ഉഴുതുമറിച്ച് നശിപ്പിക്കുന്നത്.ഇരുപതുദിവസമായി വയൽവരന്പിൽ നേരംപുലരും വരെ കർഷകർ കാവലിരിക്കുകയാണ്. പന്നികളെ ഓടിക്കുന്നതിനു പടക്കം വാങ്ങുന്നതിനും മറ്റുമായി ദിവസവും മുന്നൂറുമുതൽ അഞ്ഞൂറുരൂപവരെയാണ് കർഷകർ ചെലവഴിക്കുന്നത്.
പന്നി ആക്രമണത്തിൽനിന്നും സംരക്ഷണം ആവശ്യപ്പെട്ട് കർഷകർ വനംവകുപ്പ് അധികൃതർക്ക് പരാതി നല്കാറുണ്ടെങ്കിലും നടപടിയുണ്ടാകന്നില്ല. ഇന്നലെ രാത്രി കുറ്റിപ്പാടത്ത് ഷംസുദീന്റെ വീട്ടിലേക്കു പന്നി ഓടിക്കയറിയെങ്കിലും നായ കുരച്ചതിനാൽ കൂടുതൽ അപകടമുണ്ടായില്ല. എന്നാൽ വളർത്തുനായയ്ക്ക് പരിക്കേറ്റു.രാത്രിയാകുന്നതോടെ കാട്ടുപന്നികൾ നിരത്തിൽ ഇറങ്ങുന്നതോടെ മിക്കവരും ബസിലാണ് യാത്ര പോകുന്നത്. അരകിലോമീറ്റർ ദൂരത്തിനു പോലും ഓട്ടോയെയാണ് ആശ്രയിക്കുന്നത്.
മുൻകാലങ്ങളിൽ പന്നിയുടെ ആക്രമണത്തിൽ ഷാഹുൽ ഹമീദ് (58), കബീർ (36) എന്നിവർക്ക് ഗുരുതരമായും മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണൻ ഉൾപ്പെടെ അന്പതിലേറെ പേർക്കും പരിക്കേറ്റിരുന്നു. മുതലമട പഞ്ചായത്ത് ഒന്നും രണ്ടും വാർഡിൽ ഉൾപ്പെടുന്ന കുറ്റിപ്പാടം മേഖലയിൽ പന്നി ഭീതിയിലാണ് ഏവരും കഴിയുന്നത്.