തിരുവനന്തപുരം: എസ്.രാജേന്ദ്രൻ എംഎൽഎയ്ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടർ രേണു രാജ് അഡ്വക്കേറ്റ് ജനറലിന് റിപ്പോർട്ട് സമർപ്പിച്ചു. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പഞ്ചായത്ത് പുഴയോരത്തു നടത്തുന്ന അനധികൃത നിർമാണം സംബന്ധിച്ചാണ് എജിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
അനധികൃത നിർമാണം നടന്നത് എംഎൽഎയുടെ സാന്നിധ്യത്തിലാണെന്നും പഞ്ചായത്തിന്റെ നിർമാണം കോടതി വിധിയുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണം നിർത്തി വച്ചില്ല, ഒപ്പം ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. അതിനാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം എംഎൽഎയുടെ വ്യക്തിപരമായ പരാമർശങ്ങൾ റിപ്പോർട്ടിൽ ഇല്ല.
പ്രളയത്തിൽ വെള്ളം കയറിയ ഭാഗങ്ങളിൽ നടത്തുന്ന നിർമാണം അനധികൃതമാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിർമാണം നിർത്തിവയ്ക്കാൻ സബ് കളക്ടർ നോട്ടീസ് നൽകിയത്. കെഡിഎച്ച് വില്ലേജ് ഓഫീസർ അയൂബ് ഖാൻ പഞ്ചായത്തിൽ നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്.
ഇത് അവഗണിച്ചു പഞ്ചായത്ത് സെക്രട്ടറി നിർമാണം തുടരുകയായിരുന്നു. നോട്ടീസ് നൽകാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ എസ്. രാജേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രതിനിധികളടക്കം തടയുകയും നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനെ അപമാനിക്കുകയും ചെയ്തു.
സ്ത്രീയെന്ന പരിഗണന പോലും നൽകാതെ പൊതുജനമധ്യത്തിൽ അവളെന്ന് ആക്ഷേപിച്ച എംഎൽഎയുടെ പ്രസ്താവനയ്ക്കെതിരേ ജില്ലാ കളക്ടർ, റവന്യു ചീഫ് സെക്രട്ടറി എന്നിവർക്കു പരാതി നൽകിയിട്ടുണ്ട്. അവരുടെ നിർദേശമനുസരിച്ചു തുടർനടപടി സ്വീകരിക്കും. ഇതിനിടെ, എംഎൽഎ സ്പീക്കർക്കു പരാതി നൽകിയതായി പറയുന്നുണ്ടെന്നും സത്യാവസ്ഥ ചീഫ് സെക്രട്ടറി മുഖേന സ്പീക്കറെ അറിയിക്കുമെന്നും രേണു രാജ് അറിയിച്ചു.