ന്യൂഡൽഹി: റിപ്പബ്ളിക് ടിവി എഡിറ്റൻ ഇൻ ചീഫ് അർണാബ് ഗോസ്വാമിക്കെതിരേ കേസെടുക്കാൻ ഉത്തരവ്. കോണ്ഗ്രസ് എംപി ശശി തരൂരിന്റെ പരാതിയിൽ ഡൽഹി കോടതിയാണ് ഉത്തരവിട്ടത്.
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണ റിപ്പോർട്ടിലെ രഹസ്യ രേഖകളും പോലീസ് റെക്കോഡുകളിലെ നോട്ടുകളും പുറത്തുവിട്ടു എന്ന് ആരോപിച്ചായിരുന്നു തരൂർ കോടതിയെ സമീപിച്ചത്. അന്വേഷണം നടക്കുന്ന കേസിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് അനുവദനീയമല്ലെന്നും ഹർജിയിൽ പറയുന്നു.
ചാനലിനു പ്രേഷകരെ കൂട്ടുന്നതിനായി തനിക്കെതിരേ അർണാബ് ഗോസ്വാമി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി, തന്റെ ഇ-മെയിൽ അനുവാദമില്ലാതെ ചോർത്തി എന്നിങ്ങനെയും പരാതിയിൽ ആരോപണമുണ്ട്.
കഴിഞ്ഞ മാസം 21-നാണ് മെട്രോപൊളിറ്റ് മജിസ്ട്രേറ്റ് ധർമേന്ദർ സിംഗ് പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ പോലീസിനു നിർദേശം നൽകിയത്. ഏപ്രിൽ നാലിന് കേസ് വീണ്ടും വാദംകേൾക്കും.