ശ്രീകണ്ഠപുരം: സമൂഹമാധ്യമങ്ങളിലൂടെ നവദമ്പതികളെ അപകീർത്തിപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ ആറുപേർകൂടി അറസ്റ്റിൽ. മുഖ്യപ്രതി പുളിങ്ങോം ജോസ്ഗിരിയിലെ കല്ലുവെട്ടാൻകുഴിയിൽ റോബിൻ തോമസ് (29) ഉൾപ്പെടെ ആറുപേരാണ് അറസ്റ്റിലായത്.
ദമ്പതികളുടെ വിവാഹഫോട്ടോയിൽ റോബിൻ തോമസാണ് മോശമായി കമന്റിട്ട് പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ് ക്രിയേറ്റ് ചെയ്തത് താനല്ലെന്നും തനിക്കു ലഭിച്ച പോസ്റ്റിൽ അടിക്കുറിപ്പെഴുതുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പോലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല.
സൈബർ സെല്ലിന്റെ സഹായത്തോടെ പോസ്റ്റ് ക്രിയേറ്റ് ചെയ്തയാളെ കണ്ടെത്താൻ ശ്രമിക്കുകയാണ് പോലീസ്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരാണ് അറസ്റ്റിലായത്. വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരും പോസ്റ്റ് ഷെയർ ചെയ്തവരുമാണ് പിടിയിലായവർ.
അറസ്റ്റിലായവരുടെയെല്ലാം മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനയ്ക്കായി സൈബർസെല്ലിന് കൈമാറും. ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷിന്റെ മേൽനോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്.