പാലക്കാട്: വൃദ്ധയുടെ മൃതദേഹം സമീപത്തെ വീട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മാത്തൂർ ചുങ്കമന്ദം പൂശാരിപ്പറന്പ് കൂടന്തൊടി പരേതനായ സഹദേവന്റെ ഭാര്യ ഓമന (63)യാണ് കൊല്ലപ്പെട്ടത്. ഓമനയുടെ പാടത്തിനു സമീപം താമസിക്കുന്ന ഷൈജു (29), ഷൈജുവിന്റെ ബന്ധുവും അയൽവാസിയുമായ വിജീഷ് (27), സുഹൃത്ത് കിഴക്കേത്തറ സ്വദേശി ഗിരീഷ് ( 34) എന്നിവരാണ് അറസ്റ്റിലായത്.
ഷൈജുവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കൈയിൽ നിന്നും ഓമനയുടെ സ്വർണാഭരണങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് തെരയുന്നുണ്ട്. ഇതിൽ വിജീഷിനെ കളപ്പാറയിലുള്ള കോഴിക്കടയ്ക്കു സമീപത്തു നിന്ന് നാട്ടുകാർ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. നാട്ടുകാരുമായുണ്ടായ പിടിവലിയ്ക്കിടെ ഇയാൾക്കു പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മദ്യലഹരിയിലായിരുന്ന പ്രതികൾ ഓമന ധരിച്ചിരുന്ന സ്വർണാഭരണങ്ങൾക്കു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നു മൊഴി നല്കിയിട്ടുണ്ട്. ചുങ്കമന്ദത്തിനു സമീപം കനാലിൽ നിന്ന് പാടത്തേയ്ക്കു വെള്ളം തിരിയ്ക്കാൻ പോയതായിരുന്നു കർഷകയായ ഓമന. കുറച്ചുനാളായി വീട്ടിൽ ഓമന ഒറ്റയ്ക്കായിരുന്നു. ഭർത്താവ് പരേതനായ സഹദേവൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
മക്കൾ ജോലിയ്ക്കും മറ്റുമായി മാറിത്താമസിച്ചതോടെ ഓമന വീട്ടിൽ തനിച്ചായിരുന്നു. വീടിനു ഒരുകിലോമീറ്റർ അകലെ കൂമൻകാട് ഭാഗത്താണ് രണ്ടേക്കറോളം വരുന്ന നെൽകൃഷി. എന്നും രാവിലെ കനാലിൽ നിന്നും വെള്ളം തിരിക്കാനായി ഓമന പോകുക പതിവായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഓമനയെ വീട്ടിൽ കാണാതാവുന്നത്. വൈകിട്ട് ഓമന സമീപത്തുള്ള വീട്ടിലേക്ക് പോയിരുന്നതായി വീട്ടുകാർ പറയുന്നു. എന്നാൽ നേരം വൈകിയിട്ടും തിരികെ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
കൊലപാതകം നടന്ന ദിവസം സമീപത്തെ വീട്ടിൽ കല്യാണമുണ്ടായിരുന്നതിനാൽ സ്വർണം ധരിച്ചിരുന്നു. പാടത്തെത്തി കൃഷി നോക്കി മടങ്ങുന്പോൾ വിജേഷിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചതായി സാക്ഷിമൊഴികളുണ്ട്. ഇതിനു ശേഷം ഈ വീട്ടിൽ നിന്നിറങ്ങിയ ഇവർ കല്യാണവീട്ടിൽ എത്തിയില്ല. തുടർന്ന് പോലീസെത്തി നടത്തിയ തെരച്ചിലിലാണ് വൃദ്ധയുടെ മൃതദേഹം സമീപത്തെ വീട്ടിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.