ശ്രീകണ്ഠപുരം(കണ്ണൂർ): സമൂഹമാധ്യമങ്ങളിലൂടെ നവ ദമ്പതികളെ അപകീർത്തിപ്പെടുത്തിയ കേസിൽ പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.പുലിക്കുരുമ്പയിലെ വാട്സാപ് ഗ്രൂപ്പിലെ വിദേശത്തുള്ള 2 ഗ്രൂപ്പ് അഡ്മിൻമാർക്കായാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നതെന്ന് അന്വേഷ ഉദ്യോഗസ്ഥനായ ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷ് പറഞ്ഞു. ഇതിൽ നാട്ടിലുള്ള ഒരാളെ പോലീസ് നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശ്രീകണ്ഠപുരം നഗരത്തിലെ ഒരു വാട്സാപ് ഗ്രൂപ്പിന്റെയും പുലിക്കുരുമ്പയിലെ വാട്സാപ് ഗ്രൂപ്പിന്റെയും പേരാണ് ദമ്പതികൾ പരാതിയിൽ നൽകിയിരുന്നത്. ഇതിൽ ശ്രീകണ്ഠപുരത്തെ വാട്സാപ് ഗ്രൂപ്പ് അഡ്മിൻമാരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഈ രണ്ട് ഗ്രൂപ്പിലും പോസ്റ്റ് ഷെയർ ചെയ്തവരേയും പോലീസ് അറസ്റ്റ് ചെയ്യും.
സംസ്ഥാനത്തെ നൂറ് കണക്കിനാളുകൾ പോസ്റ്റ് ഷെയർ ചെയ്തതിനാൽ എല്ലാവരുടെയും പേരിൽ കേസെടുക്കുന്നത് കേസ് ദുർബലമാക്കുന്നത് കൊണ്ടാണ് പെൺകുട്ടി പരാതി നൽകിയ ഗ്രൂപ്പുകളിലുള്ളവരുടെ പേരിൽ മാത്രം കേസെടുക്കുന്നത്. കേസിൽ ഇതുവരെ 11 പേരാണ് അറസ്റ്റിലായത്.
എന്നാൽ പോസ്റ്റ് ക്രിയേറ്റ് ചെയ്തയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകൾ കൂടുതൽ പരിശോധനയ്ക്കായി പോലീസ് സൈബർ സെല്ലിന് കൈമാറി.