മാന്നാർ: പാണ്ടനാട് മിത്രമഠം പാലത്തിന് ശാപമോക്ഷം. 20 വർഷത്തെ കാത്തിരിപ്പിന് ശേഷം ഗതാഗതത്തിനായി പാലം മുഖ്യമന്ത്രി പിണറായി വിജയൻ 25ന് നാടിന് സമർപ്പിക്കും. 20 വർങ്ങൾക്ക് മുന്പാണ് മിത്രമഠം പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്.
പാണ്ടനാട്-തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം വേണമെന്ന വളരെ കാലമായുള്ള ആവശ്യത്തെ തുടർന്നാണ് പി.സി.വിഷ്ണുനാഥ് എംഎൽഎ മുൻകൈയെടുത്ത് പാലം നിർമാണത്തിന് ഭരണാനുമതി വാങ്ങിയത്. തിടർന്ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
എന്നാൽ ഒരോ ഘട്ടത്തിലും വിവിധ കാരണങ്ങളാൽ പാലത്തിന്റെ നിർമാണം നിലച്ചിരുന്നു. കരാറുകാരനുമായി ഉണ്ടായ തർക്കം മൂലം റീ ടെണ്ടർ വിളിച്ച് കൂടുതൽ തുക ഉൾപ്പെടുത്തിയാലെ പണി പൂർത്തീകരിക്കുവാൻ കഴിയൂ എന്ന സ്ഥിതിയും ഉണ്ടായി.
ഇതേ തുടർന്ന് പാലത്തിന്റെ പണി ഭാഗികമായി പൂർത്തിയാക്കി നിർത്തി വക്കേണ്ടി വന്നു. പിന്നീടുള്ള എല്ലാ തെരഞ്ഞൈടുപ്പുകളിലും മിത്രമഠം പാലം തെരഞ്ഞെടുപ്പ് ആയുധമാകുകയും ചെയ്തു. എന്നാൽ അന്തരിച്ച മുൻ എംഎൽഎ കെ.കെ.രാമചന്ദ്രനായർ മുൻ കൈയെടുത്ത് നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും സജി ചെറിയാൻ എംഎൽഎ പാലത്തിന്റെ പണി പൂർത്തീകരിക്കുവാൻ വേണ്ട നടപടകൾ സ്വീകരിക്കുകയുമായിരുന്നു.
ഇതോടെ ഒരു നാടിന്റെ വർഷങ്ങളായുളള കാത്തിരിപ്പിന് വിരാമമാകുകയാണ്. 25ന് മുഖ്യന്ത്രി പിണറായി വിജയൻ പാലം ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതോടെ പാണ്ടനായിന്റെ വലിയ വികസന സ്വപ്നം കൂടിയാണ് പൂവണിയുന്നത്.