കോഴിക്കോട്: ലോക്സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ശബരിമലമാത്രം ‘ഹൈലൈറ്റ്’ ചെയ്തുകൊണ്ടുള്ള പ്രചാരണപരിപാടികള്‍ ശക്തമാക്കാനൊരുങ്ങി ബിജെപി. പ്രവര്‍ത്തകര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളെകൂടി ഒപ്പം കൂട്ടികൊണ്ടുള്ള പ്രചാരണപരിപാടികള്‍ക്കാണ് സംസ്ഥാന ഘടകം രൂപം നല്‍കുന്നത്.
ബിജെപിയുടെ സജീവ പ്രവര്‍ത്തകനുള്ള വീട്ടിലെ കുടുംബാംഗങ്ങളും ഇക്കുറി ബിജെപിക്കുതന്നെ വോട്ടുചെയ്യണമെന്നും ഇത് പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നുമുള്ള ശക്തമായ നിര്‍ദേശമാണ് പാര്‍ട്ടി ഘടകം നല്‍കുന്നത്. ഇതുവഴി സ്ത്രീകളുടെതുള്പ്പെടെയുള്ള വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.
ഇതിന്റെ പ്രാരംഭപ്രവര്‍ത്തനമെന്ന നിലയില്‍ ‘എന്റെ കുടുംബം ബിജെപി കുടുംബം’ എന്നപേരില്‍ വ്യാപകമായി പ്രവര്‍ത്തകരുടെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കും. ഇതോടൊപ്പം വീടുകളില്‍ കൊടി ഉയര്‍ത്തലും നടക്കും. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോടാണ് തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം വിശ്വസികളായ, സ്ഥിരമായി ശബരിമലയില്‍ പോകുന്ന വരുടെ വിവരങ്ങള്‍ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്നുമുണ്ട്.
ഇവരുടെ വീടുകളില്‍ കയറി ശബരിമല വിഷയം ഉയര്‍ത്തി സഹകരണം ഉറപ്പാക്കുക എന്നലക്ഷ്യവും ബിജെപിക്കുണ്ട്. നിലവിലെ സാഹചര്യത്തില്‍ ശബരിമലസമരത്തില്‍ പങ്കെടുത്ത ആള്‍ക്കൂട്ടത്തെ കണ്ട് അവരെല്ലാം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കരുതരുത്, എന്ന മുന്‍ സംസ്ഥാന പ്രസിഡന്റും ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്തുമായ പി.പി.മുകുന്ദന്റെ പ്രസ്താവനും പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അണികളും മാത്രം വിചാരിച്ചാല്‍ പാര്‍ട്ടിക്ക് ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ കേരളത്തില്‍ നിന്നും ലഭിക്കാന്‍ സാധ്യതയില്ലെന്ന ആര്‍എസ്എസ് നേതൃത്വം ഇതിനകം കേന്ദ്രത്തെ അറിയിച്ചുകഴിഞ്ഞു. അതിനാല്‍ തന്നെ നിഷ്പക്ഷ വോട്ടുകള്‍ കൂടി കീശയിലാക്കാനാണ് വീടുകള്‍ കയറിയുള്ള പ്രചാരണം നടക്കുന്നത്.
നിലവില്‍ ശബരിമല വിവാദം ഉയര്‍ത്തി കേരളത്തില്‍ പൂര്‍ണമായും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത് ബിജെപി മാത്രമാണ്. ശബരിമലയില്‍ മാത്രം കടിച്ചുതൂങ്ങാതെ റഫാല്‍ അഴിമതിയും കര്‍ഷകരുടെ പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ േനരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്രയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശവും അങ്ങിനെ തന്നെയാണ്.
ശബരിമല വിഷയത്തില്‍ ഇതിനകം തന്നെ സിപിഎമ്മുമായി ഇടഞ്ഞുനില്ക്കുന്നഎന്എസ്എസ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള ചര്‍ച്ച നടത്തികഴിഞ്ഞു. നിഷ്പക്ഷവോട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ ഇത്തവണ ബിജെപിക്ക് കേരളത്തില്‍ എന്തെങ്കിലും സാധ്യതനിലനില്ക്കുന്നുള്ളുവെന്ന് ഇതിനകം സംസ്ഥാന നേതൃത്വത്തിന് മനസിലായികഴിഞ്ഞു. അതുകൂടി മുന്നില്‍ കണ്ടുള്ള പ്രചാരണപരിപാടികള്‍ക്കാണ് ബിജെപി തുടക്കമിടുന്നത്.