നിയാസ് മുസ്തഫ
ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധി തേരോട്ടം തുടങ്ങിയതോടെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് ഒരു കാര്യം പിടികിട്ടി. കാര്യങ്ങളൊന്നും ഉദ്ദേശിക്കുന്നതുപോലെ അത്ര എളുപ്പമല്ലെന്ന്.കോൺഗ്രസിനെ കൂട്ടാതെ ബിഎസ്പി നേതാവ് മായാവതിയുമായി സഖ്യത്തിന് പുറപ്പെടുന്പോൾ പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലെത്തുമെന്നോ ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ കോൺഗ്രസ് നിർണായക ശക്തിയാവുമെന്നോ അഖിലേഷ് യാദവ് സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാവില്ല.
ദേശീയ തലത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്പോഴും ഉത്തർപ്രദേശിൽ കോൺഗ്രസിനെ കൂട്ടാതെ ബിഎസ്പിയുമായി സഖ്യത്തിനു പോയ നിമിഷത്തെ അഖിലേഷ് ഇപ്പോൾ മനസുകൊണ്ട് ശപിക്കുന്നുണ്ടാവും. കോൺഗ്രസിനെ കൂടെ കൂട്ടണമെന്ന് തുടക്കം മുതലേ അഖിലേഷിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കോൺഗ്രസിനോട് അയിത്തം കൽപ്പിച്ചിരിക്കുന്ന മായാവതിയെ പിണക്കേണ്ടായെന്ന് അഖിലേഷ് കരുതുകയായിരുന്നു.
മായാവതിക്കെതിരേ പ്രതിമ നിർമാണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരാമർശം കൂടി വന്നതോടെ ശരിക്കും പെട്ടുപോയത് അഖിലേഷ് യാദവ് ആണ്. ഉത്തർപ്രദേശിൽ ബിഎസ്പി അധികാരത്തിലിരുന്ന കാലത്ത് നിരവധി പ്രതിമകൾ സ്ഥാപിക്കാനായി ഖജനാവിൽനിന്ന് മുടക്കിയ പണമെല്ലാം തിരിച്ചടയ്ക്കണ മെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മായാവതിയേയും വെട്ടിലാക്കി.
സുപ്രീംകോടതിയുടേത് വാക്കാലുള്ള നിരീക്ഷണമാണെന്നും മാധ്യമങ്ങൾ വളച്ചൊടിക്കരുതെന്നുമൊക്കെ മായാവതി പറയുന്നുണ്ടെങ്കിലും അഖിലേഷിന് ഇതൊന്നും അത്ര പന്തിയായി തോന്നുന്നില്ല. സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രതിമകൾക്കൊപ്പം മായാവതിയുടെ പ്രതിമകളും സ്ഥാപിച്ചത് അന്നേ വിവാദമായിരുന്നു. പ്രതിമാ നിർമാണ കരാറിൽ 1400കോടി രൂപയുടെ അഴിമതി നടന്നത് ലോകായുക്ത കണ്ടെത്തി.
കേസിൽ ഇനി ഏപ്രിൽ രണ്ടിന് വാദം കേൾക്കും. അതായത് തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വാദം കേൾക്കുമെന്ന് അർഥം. ആ സമയത്ത് സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ദോഷകരമായ പരാമർശമുണ്ടായാൽ എസ്പി-ബിഎസ്പി സഖ്യത്തിന്റെ സാധ്യതകളെ അത് തകർക്കുമെന്ന് അഖിലേഷ് ഭയക്കുന്നുണ്ട്. പരോക്ഷമായി കോൺഗ്രസ് എസ്പി-ബിഎസ്പി സഖ്യത്തിന്റെ ഭാഗമാണെന്ന തരത്തിൽ അഖിലേഷ് ആവർത്തിച്ചു പറയുന്നത് ഈ ഭയത്തിൽനിന്നാണ്.
കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ അമേത്തിയും റായ്ബറേലിയും തങ്ങൾ കോൺഗ്രസിനു വിട്ടുകൊടുക്കാൻ തയാറായിരുന്നുവെന്നും അഖിലേഷ് വ്യക്തമാക്കുന്നുണ്ട്. 2014ൽ ഒരൊറ്റ സീറ്റിൽപോലും വിജയിക്കാത്ത ബിഎസ്പിക്ക് സീറ്റുകൾ വാരിക്കോരി അഖിലേഷ് കൊടുത്തപ്പോൾ 2014ൽ രണ്ടു സീറ്റിലെങ്കിലും വിജയിച്ച കോൺഗ്രസിനോട് വിജയിച്ച രണ്ടു സീറ്റ് വേണമെങ്കിൽ തരാമെന്ന നിലപാടെടുത്തത് കോൺഗ്രസിനെ ശരിക്കും ചൊടിപ്പിച്ചിരുന്നു. എന്നാൽ 2009ൽ 21 സീറ്റുകളിൽ വിജയിച്ച കോൺഗ്രസിന് രണ്ടു സീറ്റ് നൽകി വില കുറച്ചു കണ്ട അഖിലേഷിന് ഇപ്പോൾ മനംമാറ്റം വന്നു തുടങ്ങിയതായിട്ടാണ് റിപ്പോർട്ട്.
കോൺഗ്രസിന് 15 സീറ്റുകൾ വരെ നൽകാൻ അഖിലേഷ് തയാറായതായിട്ട് വാർത്തകൾ വന്നിരുന്നു. എന്നാൽ മായാവതിയുടെ എതിർപ്പ് അഖിലേഷിനിപ്പോൾ തലവേദനയായിട്ടുണ്ട്. 2009ൽ വിജയിച്ച 21 സീറ്റുകൾ വിട്ടു നൽകിയാൽ ഒരു പക്ഷേ കോൺഗ്രസ് ഈ സഖ്യത്തിൽ വരാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ എസ്പി-ബിഎസ്പി- കോൺഗ്രസ് സഖ്യം ഉത്തർപ്രദേശ് തൂത്തുവാരുമെന്നാണ് സർവേ ഫലം പറയുന്നത്.
എന്നാൽ ഇതൊന്നും കണ്ട് ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയോ ജ്യോതിരാദിത്യ സിന്ധ്യയോ കളംമാറ്റി ചവിട്ടാൻ ഉദ്ദേശിക്കുന്നില്ല. 80 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കാൻ തന്നെയാണ് കോൺഗ്രസിന്റെ നീക്കം. ഇതിനായി സ്ഥാനാർഥികളെ കണ്ടെത്തുന്ന നടപടികളിലേക്ക് അവർ കടന്നു കഴിഞ്ഞു. പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച പ്രിയങ്ക തുടങ്ങി.
ഗുത്ബാസി കതം കരോ (ഗ്രൂപ്പിസം നിർത്തൂ) എന്ന പ്രിയങ്കയുടെ ഒറ്റവരി സന്ദേശം കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഒരു ബൂത്തിൽ പതിനഞ്ചോളം പ്രവർത്തകർ വോട്ടർമാരെ ബൂത്തിലെത്തിച്ച് വോട്ട് ചെയ്യിക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന നിർദേശവും പ്രിയങ്ക പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച രാഹുൽ ഗാന്ധിയോടും ജ്യോതിരാദിത്യ സിന്ധ്യയോടുമൊപ്പം ലക്നൗവിൽ നടത്തിയ പ്രിയങ്കയുടെ റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെങ്ങും പ്രിയങ്ക തരംഗമായി മാറുന്നുവെന്നതിന്റെ സൂചനയായി ജനപങ്കാളിത്തത്തെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ചിരുന്നു.
പ്രിയങ്കയുടെ കടന്നുവരവോടെ സമാജ് വാദി പാർട്ടിയോടൊപ്പം നിന്ന മുസ്ലിം വോട്ടുകളിലും ബിഎസ്പിയോടൊപ്പം നിന്ന ദളിത് വോട്ടുകളിലും കാര്യമായ ചലനം വന്നു തുടങ്ങിയിട്ടുണ്ട്. ഇത് എസ്പി-ബിഎസ്പി സഖ്യത്തിന്റെ സാധ്യതകൾക്കാണ് മങ്ങലേൽപ്പിച്ചിരിക്കുന്നത്. പരന്പരാഗത കോൺഗ്രസ് വോട്ടുകളിൽ പ്രിയങ്കയുടെ വരവ് ഉണർവ് നൽകുന്നു. ബ്രാഹ്മണ വോട്ടുകളും കോൺഗ്രസിന് വീഴുമെന്നാണ് കണക്കുകൂട്ടുന്നത്.
ബിജെപി വിരുദ്ധ വോട്ടുകൾ ആർക്കു പോകുമെന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിൽക്കുന്നത്. ഇത് കോൺഗ്രസിന് ലഭിക്കുമെന്ന് ഒരു കൂട്ടർ പറയുന്പോൾ എസ്പി-ബിഎസ്പി സഖ്യത്തിന് ലഭിക്കുമെന്ന് മറു കൂട്ടർ വാദിക്കുന്നു. 2009ൽ മത്സരിച്ച് വിജയിച്ച 21 സീറ്റിൽ ഒറ്റയ്ക്കു നിന്ന് ജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്. 2014ൽ ബിജെപിക്ക് 71 സീറ്റും സമാജ് വാദി പാർട്ടിക്ക് അഞ്ചു സീറ്റും ലഭിച്ചു. രണ്ടു സീറ്റ് കോൺഗ്രസിനും രണ്ടു സീറ്റ് അപ്നാദളിനും ലഭിച്ചു.
ബിജെപി സർക്കാരിന്റേത് പകപോക്കൽ; എന്റെ ജോലി ഞാനും തുടരും
ഭർത്താവ് റോബർട്ട് വദ്രക്കെതിരേയുള്ള കേസും ചോദ്യം ചെയ്യലും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രിയങ്ക ഗാന്ധി. ഇതുകൊണ്ട് എന്നെ തകർക്കാനാവില്ല. എൻഫോഴ്സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യൽ തുടരും. ഞാൻ എന്റെ ജോലിയും തുടരും. തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി സർക്കാർ പകപോക്കുകയാണെന്നും ഇത് അവർ തുടരുമെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.