നവാസ് മേത്തർ
തലശേരി: മുസ്ലിംലീഗ് പ്രവര്ത്തകന് തളിപ്പറമ്പ് പട്ടുവം അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെയും ടി.വി.രാജേഷ് എംഎൽഎയേയും സിബിഐ കുടുക്കിയത് വെറും 14 പേജിൽ. തലശേരി സെഷൻസ് കോടതിയിൽ സിബിഐ അഡീഷണൽ എസ്പി ഹരികുമാറും സംഘവും സമർപ്പിച്ചത് 1479 പേജുള്ള കുറ്റപത്രമാണ്.
ഇതിൽ 14 പേജ് മാത്രമാണ് നാല് വർഷത്തെ അന്വേഷണത്തെ തുടർന്ന് സിബിഐ ചേർത്തിട്ടുള്ളത്. അന്വേഷണ റിപ്പോർട്ടായി 11 പേജും സാക്ഷിപട്ടികയായി രണ്ട് പേജും രേഖാ പട്ടികയായി ഒരു പേജുമാണുള്ളത്.
ബാക്കിയുളളത് ലോക്കൽ പോലീസിന്റെ കുറ്റപത്രവും ഹൈക്കോടതിയുടെ വിധി ന്യായങ്ങളുമാണ്. രേഖാപട്ടികയിലുളളത് ഈ കേസുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ ഉൾപ്പെടെയുള്ള രേഖകൾ സംബന്ധിച്ച വിവരങ്ങളാണ്. കുറ്റപത്രത്തിലെ ന്യൂനതകളും സാക്ഷി മൊഴികളെ പൊരുത്തമില്ലായ്മയും ചൂണ്ടിക്കാണിച്ച് നിയമ പോരാട്ടത്തിന് പ്രതിഭാഗം സജ്ജമാകുകയാണ്.
14 ന് കേസ് കോടതി പരിഗണിക്കുമ്പോൾ ക്രിമിനൽ നടപടി നിയമം 227 പ്രകാരം നൽകുന്ന വിടുതൽ ഹർജിയിൽ കുറ്റപത്രത്തിലെ പരസ്പര ബന്ധമില്ലാത്ത മൊഴികൾ എണ്ണമിട്ട് നിരത്താനാണ് പ്രതിഭാഗം തീരുമാനിച്ചിട്ടുള്ളത്. ഇതിനായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുടെ ഉപദേശവും തേടിയതായാണ് അറിയുന്നത്. നിലവിൽ സിബിഐ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരേയുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്.
സിബിഐ ഹാജരാക്കിയ നാല് സാക്ഷികളിൽ ഒരാളെ മാത്രമാണ് സിബിഐ ചോദ്യം ചെയ്തിട്ടുള്ളൂവെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നത്. 2016 മുതൽ 2019 വരെ നേതാക്കളെ ഭീഷണിയിൽ നിർത്തുകയാണ് സിബിഐ ചെയ്തിട്ടുള്ളതെന്നും സിബിഐ സമർപ്പിച്ച കുറ്റപത്രം വായിച്ചാൽ ഇക്കാര്യം ആർക്കും ബോധ്യപ്പെടുമെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും പ്രതിഭാഗം അഭിഭാഷകൻ കെ. വിശ്വൻ രാഷ്ട്രദീപികയോട് പറഞ്ഞു.
നിലവിൽ കേരള പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പി. ജയരാജനും ടി.വി. രാജേഷും 118 പ്രകാരമുള്ള കുറ്റമാണ് ചെയ്തിട്ടുള്ളതെന്നാണ് പറഞ്ഞിട്ടുള്ളത്. 120 ബി പ്രകാരമുള്ള കുറ്റമാണ് ഇരുവരും ചെയ്തിട്ടുള്ളതെന്ന് സിബിഐയുടെ കുറ്റപത്രത്തിലുള്ളത്. രണ്ട് അന്വേഷണ ഏജൻസികൾ രണ്ട് നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിൽ ഏത് ഏജൻസിയുടെ നിലപാടാണ് സ്വീകാര്യം എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു.
സിബിഐ നടത്തിയിട്ടുള്ളത് വ്യാഖ്യാനങ്ങൾ മാത്രമാണ്. ആശുപത്രിയിൽ. പി. ജയരാജൻ കിടന്ന മുറിയിൽ വേറേയും നേതാക്കളുണ്ടായിരുന്നതായി സാക്ഷി മൊഴികളുണ്ട്. ഇന്ത്യൻ പൗരന്മാർ എന്ന നിലക്ക് അവരും കേസിൽ പ്രതികളാകില്ലേയെന്നുമാണ് പ്രതിഭാഗത്തിന്റെ ചോദ്യം.
14 ന് കോടതി കേസ് പരിഗണിക്കുമ്പോൾ ലോക്കൽ പോലീസ് കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ നിന്നും സർക്കാറിനു വേണ്ടിയുള്ള പ്രോസിക്യൂട്ടറും സിബിഐ ക്കു വേണ്ടി സ്പെഷ്യൽ പോസിക്യൂട്ടറും ഹാജറാകും. ഇരുവരും സ്വീകരിക്കുന്ന നിലപാടുകൾ കേസിൽ നിർണായകമാകും.
സംസ്ഥാന തലത്തിൽ ശ്രദ്ധേയമാകാവുന്ന നിയമ പോരാട്ടത്തിനാണ് 14ന് തലശേരി കോടതിയിൽ തുടക്കമാകുകയെന്നാണ് നിയമ രംഗത്തുള്ളവർ പറയുന്നത്. പി. ജയരാജൻ, ടി. വി രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരെ കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ 2019 ജനുവരി 4 നാണ് കുറ്റപത്രം സമർപ്പിച്ചത്.