പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ വന്‍പുരോഗതി. ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന് തെളിവു ലഭിച്ച അന്വേഷണ സംഘം കാണാതായി ഒരുവര്‍ഷം തികയുംമുമ്പ് പെണ്‍കുട്ടിയെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ്. കര്‍ണാടകയില്‍ അരിച്ചുപെറുക്കി അന്വേഷണം നടത്തിയ സംഘത്തിന് നിര്‍ണായക വിവരമാണ് ലഭിച്ചിരിക്കുന്നത്.
ജെസ്ന ബെംഗളൂരുവിലെ വ്യവസായ ഇടനാഴികളിലൊന്നില്‍ ജോലിയെടുക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച് ഇവിടെ കട നടത്തുന്ന മലയാളി ജെസ്നയുടേതെന്ന് തോന്നിക്കുന്ന പെണ്‍കുട്ടി റോഡിലൂടെ നടന്നു നീങ്ങുന്ന ചിത്രം പോലീസിന് കൈമാറിയിട്ടുണ്ട്. ഈ ചിത്രത്തില്‍ നിന്ന് ജെസ്നയാണ് ഇതെന്ന് പോലീസിന് സംശയമുണ്ട്. പൂര്‍ണമായും ഉറപ്പിച്ചിട്ടില്ല. എന്തായാലും പോലീസിന് കൂടുതല്‍ ഊര്‍ജം പകരുന്നതാണ് വിവരം.
മലയാളിയുടെ കടയ്ക്കു മുന്നിലൂടെ ദിവസവും കുര്‍ത്തയും ജീന്‍സും ധരിച്ച് പോകുന്ന പെണ്‍കുട്ടിയുടെ കണ്ണടയും പല്ലിലെ കമ്പിയുമാണ് ഇയാള്‍ ശ്രദ്ധിച്ചത്. രണ്ടു തവണ പെണ്‍കുട്ടി ഈ കടയില്‍ എത്തുകയും ചെയ്തു. സംശയം തോന്നിയ മലയാളിയായ കടയുടമ പെണ്‍കുട്ടിയെ സസൂക്ഷ്മം നിരീക്ഷിച്ചു. ഇതോടെ യുവതി കടയില്‍ നിന്ന് ഇറങ്ങിപ്പോയി. പിറ്റേന്ന് ആ വഴി പെണ്‍കുട്ടി വന്നപ്പോള്‍ അയാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യമാണ് ഒടുവിലായി പുറത്തു വന്നിരിക്കുന്നത്. പോലീസ് പിന്നാലെയുണ്ടെന്ന വിവരം അറിഞ്ഞിട്ടാകണം ആ ദിവസങ്ങളില്‍ പെണ്‍കുട്ടി ഇതു വഴി എത്തിയില്ല.
മാര്‍ച്ച് 21ന് രാവിലെ എട്ടരയോടെ വീട്ടില്‍നിന്നിറങ്ങിയ ജെസ്ന മരിയ ജയിംസ് എരുമേലിയില്‍ ബസിറങ്ങിയ ശേഷം എവിടേക്കു പോയി എന്നതില്‍ കൃത്യത ലഭിച്ചിട്ടില്ല. എരുമേലിയില്‍നിന്നു കണ്ണിമല റൂട്ടില്‍ മുണ്ടക്കയത്ത് എത്തിയതായുള്ള വാര്‍ത്തകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണപരിധിയില്‍നിന്ന് ടീം ഒഴിവാക്കിക്കഴിഞ്ഞു.
എരുമേലി, മുക്കൂട്ടുതറ, പുഞ്ചവയല്‍ എന്നിവിടങ്ങളില്‍ ടീം രാവും പകലും ഒട്ടേറെ പേരെ നിരീക്ഷിക്കുന്നുണ്ട്. നേരിയ സൂചനയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഏതാനും പേരുടെ നീക്കങ്ങളും ഇവരുടെ ഫോണ്‍ വിനിമയങ്ങളും ടീം സദാ നിരീക്ഷിച്ചുവരുന്നു. കര്‍ണാടകത്തിലെ കൂര്‍ഗില്‍ ജെസ്നയ്ക്ക് ഇപ്പോഴും കുടുംബബന്ധുക്കളുണ്ട്. ഇവരുമായി പോലീസ് നേരിട്ടും ഫോണിലും ആശയവിനിമയം തുടരുന്നുമുണ്ട്.