തൃശൂർ: കേരളത്തിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന പൊതുമേഖലാവ്യവസായ സ്ഥാപനങ്ങളിൽ ഫുട്ബോൾ ടീമുകൾ രൂപീകരിക്കുമെന്ന് കായിക മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. സംസ്ഥാനത്തെ പൊതുമേഖല വ്യവസായ സ്ഥാപന മേധാവികൾക്കും ബന്ധപ്പെട്ടവർക്കും ഫുട്ബോൾ ടീമുകൾ രൂപീകരിക്കുന്നത് സംബന്ധിച്ച് നിർദ്ദേശം നൽകിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
ജില്ല ഫുട്ബോൾ അസോസിയേഷൻ ഓഫീസ്, അക്വാറ്റിക് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജയരാജൻ.കേരളത്തിൽ മുന്‍പ് നിരവധി പൊതു-സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിൽ ഫുട്ബോൾ ടീമുകൾ ഉണ്ടായിരുന്നുവെന്നും അവർ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നുവെന്നും മന്ത്രി ഓർമിപ്പിച്ചു. ഇന്ന് മിക്കയിടത്തും ഫുട്ബോൾ ടീമുകൾ ഇല്ലാത്ത സ്ഥിതിയാണ്.
മുൻപുണ്ടായിരുന്ന പോലെ ടീമുകളെ സജ്ജമാക്കാൻ വ്യവസായ സ്ഥാപന മേധാവികളുമായി ചർച്ച നടത്തിയതിനെ തുടർന്ന് ടീം രൂപീകരണനടപടികൾ ആരംഭിച്ചതായും ജയരാജൻ പറഞ്ഞു.ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാൻ എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ 7 മുതൽ 12 വയസ്സുവരെയുള്ള 25 കുട്ടികളെ വീതം ഫുട്ബോൾ പരിശീലനത്തിനായി തെരഞ്ഞെടുത്ത് പരിശീലനം നൽകും.
ഏതാനും ജില്ലകളിൽ ഇതിനകം പദ്ധതി തുടങ്ങി കഴിഞ്ഞു. ഭക്ഷണവും താമസവും ഉൾപ്പടെ മുഴുവൻ ചിലവും സർക്കാരാണ് വഹിക്കുക.ദേശീയ അന്തർദേശീയ മത്സരങ്ങളിൽ വിജയികളായ കായിക താരങ്ങൾക്ക് തൊഴിൽ ഉറപ്പ് വരുത്തും. 147 പേർക്ക് ഇതിനകം തൊഴിൽ ലഭ്യമാക്കി
. 249 പേരുടെ ലിസ്റ്റ് പരിഗണനയിലാണ്. മുഴുവൻ പേർക്കും സർക്കാർ തൊഴിൽ നൽകും. ഒളിന്പിക്സ് ലക്ഷ്യമാക്കി 11പേരെ തെരഞ്ഞെടുത്ത് അന്താരാഷ്ട്രനിലവാരത്തിലുള്ള കായിക പരിശീലനം നൽകി വരികയാണെന്നും സംസ്ഥാന കായികമന്ത്രി അറിയിച്ചു.
ചടങ്ങിൽ കെ.എഫ്.എ വൈസ് പ്രസിഡണ്ട് കെ.പി.സണ്ണി അധ്യക്ഷനായിരുന്നു. ഡി.എഫ്.എ വൈസ് പ്രസിഡണ്ട് സി.സുമേഷ് സ്വാഗതം പറഞ്ഞു. എ.എസ്.കുട്ടി, ജില്ലാ സ്പോർട്ട്സ് കൗണ്‍സിൽ പ്രസിഡണ്ട് വിൻസെന്റ് കാട്ടുക്കാരൻ, അനിൽകുമാർ, കൗണ്‍സിലർ കെ.മഹേഷ്, ആന്റണി റാഫേൽ പ്രസംഗിച്ചു.