ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ ജീവിതം മുഖ്യ വിഷയമാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ലവ് എന്ന ചിത്രം തിയറ്ററുകളില്‍ എത്താന്‍ അധികം സമയം ബാക്കിയില്ല. ചിത്രം റിലീസാവുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ചര്‍ച്ചയും വിവാദവുമായ മറ്റൊരു ചിത്രവുമില്ല. പ്രധാന കഥാപാത്രങ്ങളടക്കം ചിത്രത്തിന്റേതായി പുറത്തു വന്ന ഓരോ വീഡിയോകളും വിവാദത്തില്‍ പെട്ടിരുന്നു. ട്രോളന്മാരും ഇത്രയേറെ ആഘോഷിച്ച മറ്റൊരു സിനിമയില്ല.
എന്നാല്‍ ചിത്രത്തിനും തനിക്ക് വ്യക്തിപരമായും നേരിടേണ്ടി വന്ന അധിക്ഷേപങ്ങളും പരിഹാസങ്ങളും പലതും പ്രത്യേകതരം ധൈര്യമാണ് തങ്ങള്‍ക്ക് ജീവിതത്തില്‍ നല്‍കിയതെന്നാണ് ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യര്‍ പറയുന്നത്. അഡാര്‍ ലവിന്റെ റിലീസിന് മുമ്പായി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘സിനിമയ്ക്കുശേഷം ഞാന്‍ അഭിനയിച്ച പരസ്യങ്ങളായിരിക്കാം എനിക്കു കേരളത്തില്‍ വിമര്‍ശകരെ ഉണ്ടാക്കിയത്. ഒരു തുടക്കക്കാരി എന്ന നിലയിലുള്ള പോരായ്മകള്‍ ഉണ്ടായിട്ടുണ്ടാകാം. പ്രശംസ പെട്ടെന്നു വിമര്‍ശനങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ വീട്ടുകാര്‍ക്ക് ചെറിയ സങ്കടമായി. പക്ഷേ ട്രോളുകള്‍, കാര്യങ്ങളെ കുറച്ചുകൂടി യാഥാര്‍ഥ്യബോധത്തോടെ കാണാന്‍ എന്നെ പ്രാപ്തയാക്കി. ഈ മേഖലയില്‍ നില്ക്കുമ്പോള് അഭിനന്ദനങ്ങള്‍ മാത്രമല്ല വിമര്‍ശനങ്ങളെയും നേരിടേണ്ടി വരുമെന്ന് ബോധ്യമായി.’
അഡാര്‍ ലവ് റിലീസ് ചെയ്യുമ്പോള്‍ താന്‍ നാട്ടിലില്ല എന്നത് വിഷമമുള്ള കാര്യമാണെന്നും പ്രിയ പറയുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ലണ്ടനിലാണിപ്പോള്‍ പ്രിയ. ലണ്ടനിലും സിനിമയ്ക്ക് പ്രദര്‍ശനം ഉണ്ടെങ്കിലും നാട്ടിലെത്തിയശേഷം മാത്രമേ സിനിമ കാണുന്നുള്ളു എന്നാണ് പ്രിയ പറയുന്നത്.