കൊല്ലം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തില്‍ വനിതകളായ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സിപിഎം ജനപ്രതിനിധികളില്‍ നിന്നും നേതാക്കളില്‍ നിന്നും ഉണ്ടാകുന്ന നിരന്തര പീഢനങ്ങളും അധിക്ഷേപങ്ങളും കേരളത്തിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തിയതായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി അഭിപ്രായപ്പെട്ടു.
ലിംഗസമത്വത്തിന് വേണ്ടിയും സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയും നവോഥാന മുന്നേറ്റം സംഘടിപ്പിക്കാന്‍ വനിതാ മതില് നിര്‍മ്മിച്ച ഇടതു മുന്നണി സര്‍ക്കാരും അതിന് നേതൃത്വം നല്കിയ മുഖ്യമന്ത്രിയുടേയും പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവൃത്തികള്‍ സാംസ്ക്കാരിക കേരളത്തിന് യോജിച്ചതല്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
ദേവികുളം സബ് കളക്ടര്‍ രേണുരാജിനെതിരെ അവിടുത്തെ എംഎല്‍എ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. സ്ത്രീകളോടുള്ള മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും സമീപനം എന്താണെന്ന് വ്യക്തമാക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ്.
കേരളത്തില്‍ എല്‍ഡിഎഫ് ഭരണത്തിന് കീഴില്‍ സത്യസന്ധരും നിഷ്പക്ഷമതികളുമായ വനിതാ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഐഎഎസ്, ഐപിഎസ് പദവിയില്‍ ഇരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള വനിതാ ഓഫീസര്‍മാരും ജീവനക്കാരും സിപിഎമ്മിന്റെ അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനും കൊള്ളയ്ക്കും കൂട്ടു നിന്നില്ലെങ്കില്‍ അവരെ പരസ്യമായി അധിക്ഷേപിക്കുകയും രാഷ്ട്രീയമായി കൈകാര്യം ചെയ്യാനുമുള്ള സിപിഎം. നേതാക്കളുടെ നടപടി തികഞ്ഞ കാടത്തമാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.