തെരഞ്ഞെടുപ്പിന്റെ ചൂടിലേയ്ക്കും ആവേശത്തിലേയ്ക്കും പ്രവേശിച്ചിരിക്കുകയാണ് രാജ്യം. വിവിധ പാര്‍ട്ടികളും നേതാക്കളും തങ്ങളുടെ ഭാഗം ന്യായീകരിച്ചും തങ്ങളുടെ പ്രവര്‍ത്തന മികവിനെ എടുത്തുകാട്ടിയും പ്രസ്താവനകള്‍ നടത്തി തകര്‍ക്കുകയാണ്. അവയില്‍ പലതും കേള്‍ക്കുമ്പോള്‍ പാവം ജനത്തിന് അത്ഭുതത്തേക്കാളുപരിയായി ചിരിയാണ് വരുന്നത്.
ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ ഒരു ഡയലോഗാണ് കേള്‍ക്കുന്നവരില്‍ ചിരിയുണര്‍ത്തി വൈറലായിരിക്കുന്നത്. രാജ്യത്തെ അഴിമതിക്കാരായ ആളുകള്‍ മുഴുവന്‍ കുഴപ്പത്തിലാണെന്നും താനും തന്റെ ഭരണവുമാണ് അതിന് കാരണമെന്നുമാണ് മോദി പറഞ്ഞിരിക്കുന്നത്. യുപിഎ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി അഴിമതിക്കാരെ വിറപ്പിച്ച സര്‍ക്കാരാണ് തന്റേതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഹരിയാനയിലെ കുരുക്ഷേത്രയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാനത്ത് വികസന പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങിന് ശേഷം നടന്ന റാലിയിലായിരുന്നു മോദിയുടെ പ്രസ്താവന.
ഹരിയാനയിലെ ജാജ്ജറില്‍ നാഷണല്‍ കാന്‍സര്‍ സെന്റര്‍, കുരുക്ഷേത്രയില്‍ ആയുഷ് യൂണിവേഴ്സിറ്റി, കര്‍ണാലില്‍ ഹെല്‍ത്ത് സയന്‍സ് സര്‍വകലാശാല, പഞ്ച്കുളയില്‍ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫരീദാബാദില്‍ മെഡിക്കല്‍ കോളജ് എന്നിങ്ങനെ അഞ്ച് സ്ഥാപനങ്ങള്‍ക്കാണ് മോദി തറക്കല്ലിട്ടത്.
തന്റെ സര്‍ക്കാര്‍ ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണെന്നും പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം രാജ്യത്തെ സ്ത്രീകള്‍ക്ക് സ്വന്തം പേരില്‍ വീടു ലഭിച്ചെന്നും മോദി പറഞ്ഞു.
ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്ന ആദ്യത്തെ സര്‍ക്കാര്‍ തങ്ങളുടേതാണെന്നും മോദി പറഞ്ഞു. രാജ്യത്തെ ടോയ്‌ലറ്റുകളുടെ മനോഹാരിത ആസ്വദിക്കുന്നതിനായി വിദേശികള്‍ പോലും എത്തുന്ന കാലം വിദൂരത്തല്ലെന്ന മോദിയുടെ പ്രസ്താവനയും ചര്‍ച്ചയായിരുന്നു.