കൊച്ചി: മുസ്ലിംലീഗ് പ്രവര്ത്തകന് തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സിബിഐ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്ത്. എംഎല്‍എ ടി.വി.രാജേഷിനും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കുറ്റപത്രം. കൊലപ്പെടുത്താൻ നിർദേശം നൽകിയത് ഇരുവരുമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
പിടികൂടിയ മുസ്ലിം ലീഗ് പ്രവർത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിർദേശം. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം. കൃത്യത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും ഗൂഢാലോചനയ്ക്ക് ദൃക്സാക്ഷികളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
2012 ഫെബ്രുവരി 20 നാണ് കണ്ണപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ വച്ച് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഷുക്കൂറിനെ കൊലപ്പെടുത്താന്‍ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തി. സിപിഎം അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി വേണുവടക്കം കേസില്‍ 33 പ്രതികളാണുള്ളത്.
കേസിൽ പി. ജയരാജന്, ടി.വി. രാജേഷ് എന്നിവര്‍ക്കെതിരേ കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തിയാണ് സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.