പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയം പ്രധാന ആയുധമാക്കി പത്തനംതിട്ട ലോക്സഭാ മണ്ഡലം പിടിച്ചെടുക്കാനാവശ്യമായ തന്ത്രങ്ങളുമായി ബിജെപി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇന്നു രംഗത്തിറക്കി പ്രചാരണ പരിപാടികൾക്കു തുടക്കമിടുകയാണ്.
കഴിഞ്ഞതവണ മത്സരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് തന്നെ സ്ഥാനാർഥിയാകുമെന്നാണ് സൂചന. എന്നാൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് ശശികുമാരവർമ എന്നിവരുടെ പേരുകൾ കൂടി സാധ്യതാ പട്ടികയിലുണ്ട്. കഴിഞ്ഞതവണ ബിജെപിക്കു ലഭിച്ചത് 1,38, 954 വോട്ടുകളാണ് ബിജെപി നേടിയത്. 15.98 ശതമാനം വോട്ടുകൾ കരസ്ഥമാക്കി.
2009ൽ നേടിയത് 56,294 വോട്ടുകളായിരുന്നെങ്കിൽ എം.ടി. രമേശിന്റെ സ്ഥാനാർഥിത്വത്തിലൂടെ വൻമുന്നേറ്റം പാർട്ടി കുറിച്ചു. ഇത്തവണ ഇത് ആവർത്തിക്കുകയും നിലവിലെ അനുകൂല ഘടകങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യാനാണ് ബിജെപി തീരുമാനം.
ഇതിന്റെ ഭാഗമായി കേരളത്തിലെ സാധ്യതാ മണ്ഡലങ്ങളിൽ പ്രഥമ പരിഗണന പത്തനംതിട്ടയ്ക്കു നൽകുകയാണ്.ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബിജെപിയുടെ ക്ലസ്റ്റർ യോഗങ്ങൾക്കാണ് ഇന്ന് പത്തനംതിട്ടയിൽ ആരംഭിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങൾ ചേർന്ന തിരുവനന്തപുരം ക്ലസ്റ്ററിലെ ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ യോഗമാണ് ഇന്ന് കുന്പഴ ലിജോ ഓഡിറ്റോറിയത്തിൽ നടക്കുന്നത്.
ഉച്ചകഴിഞ്ഞ് മൂന്നിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. നാല് പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നായി 1100 പേർ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി പറഞ്ഞു. അഞ്ച് ബൂത്തുകൾ ചേർന്നാണ് ശക്തി കേന്ദ്ര നിശ്ചയിച്ചിട്ടുള്ളത്.
തുടർന്ന് പത്തനംതിട്ട മണ്ഡലത്തിലെ വോട്ടർപട്ടിക പേജ് പ്രമുഖൻമാരുടെയും ബൂത്ത് പ്രവർത്തകരുടെയും സമ്മേളനം ജില്ലാ സ്റ്റേഡിയത്തിൽ വൈകുന്നേരം നാലിന് യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. കാൽലക്ഷം പ്രവർത്തകർ പങ്കെടുക്കും. ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിളള, എംപിമാരായ വി.മുരളീധരൻ, സുരേഷ് ഗോപി തുടങ്ങിയവർ സമ്മേളനങ്ങളിൽ പങ്കെടുക്കും.