ചങ്ങനാശേരി: നിരവധി മോഷണക്കേസിൽ യുവാവും മോഷണമുതൽ വിൽപ്പന നടത്തിയ കേസിൽ അമ്മയും അറസ്റ്റിലായി. മാമ്മൂട് മുണ്ടുകുഴി പിണ്ടി സന്തോഷിന്റെ മകൻ മൂങ്ങാ രതീഷ് (20), അമ്മ സരള (48) എന്നിവരാണ് അറസ്റ്റിലായത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യവിവരത്തിന്റെയും ശാസ്ത്രീയ പരിശോധനയുടെയും അടിസ്ഥാനത്തിൽ തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസ്, എഎസ്ഐമാരായ സാബു സണ്ണി, ചന്ദ്രബാബു, ഷാജിമോൻ, സാബു, കെ.കെ. റെജി, പോലീസുകാരായ ബിജു, രഞ്ജീവദാസ്, ബെന്നി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നര മാസത്തെ പരിശ്രമത്തിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.
മാമ്മൂട്ടിലുള്ള കോൺവെന്റിൽനിന്ന് അന്പതിനായിരം രൂപ, മാമ്മൂട് ചൂരനോലി ഭാഗങ്ങളിൽ വീടിന്റെ ജനൽ തുറന്ന് തോട്ടി ഉപയോഗിച്ച് ബാഗുകൾ പുറത്തെടുത്ത് സ്വർണവും പണവും മോഷ്ടിച്ച കേസ്, ചാഞ്ഞോടിയിലുള്ള വീട്ടിൽനിന്ന് ആറേമുക്കാൽ പവൻ സ്വർണം എന്നിവ മോഷ്ടിച്ച കേസിലാണ് രതീഷ് അറസ്റ്റിലായത്.
മോഷണമുതൽ വില്പന നടത്തുകയും പണയം വയ്ക്കുകയും ചെയ്തതിനാണ് സരള അറസ്റ്റിലായത്. ചങ്ങനാശേരിയിലെയും റാന്നിയിലെയും സ്വർണക്കടകളിൽ വിൽക്കുകയും പണയംവയ്ക്കുകയും ചെയ്ത 13 പവൻ സ്വർണാഭരണങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് സൈബർ സെൽ എക്സ്പർട്ട് ഷൈജു ആഞ്ചലോ നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
പ്രതിയുടെ ഫോൺകോളുകളും ഫുട് പ്രിന്റുകളുമാണ് കേസ് തെളിയിക്കാൻ പോലീസിനു സഹായകമായത്. മാമ്മൂട് ജംഗ്ഷനിൽ സംശയാസ്പദമായി കണ്ടെത്തിയ ഇയാളെ പിടികൂടി ചോദ്യം ചെയ്തതിൽനിന്നാണ് കേസുകൾ തെളിയിക്കാനായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. രതീഷിന്റെ പിതാവ് പിണ്ടി സന്തോഷ് മോഷണക്കേസിൽ മാവേലിക്കര സബ്ജയിലിൽ റിമാൻഡിലാണ്.