കോട്ടയം: ജില്ലയിലെ കഞ്ചാവ് മാഫിയായ്ക്കു എക്സൈസിലെ ചില ഉന്നത ഉദ്യോഗസ്ഥർ തന്നെ സഹായം ചെയ്തു കൊടുക്കുന്നതായി ആക്ഷേപം. ജില്ലയുടെ വിവിധ പ്രദേശങ്ങളിലും ദിനംപ്രതി നിരവധി കഞ്ചാവ് കേസുകൾ റിപ്പോർട്ടു ചെയ്യുന്പോഴാണു കഞ്ചാവ് മാഫിയായ്ക്കു ഉദ്യോഗസ്ഥർ തന്നെ സഹായം ചെയ്തു കൊടുക്കുന്നതായി ആരോപണമുയർന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിനു സമീപമുള്ള സ്ഥലത്ത് നിന്നും എക്സൈസ് അധികൃതർ ഹാഷിഷ് ഓയിൽ കേസിലെ പിടികിട്ടാപ്പുള്ളിയായ ഒരാളെ പിടികൂടിയിരുന്നു. ഇയാൾ പിടിയിലായി മണിക്കൂറുകൾക്കുള്ളിൽ എക്സൈസിലെ തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് ഇയാളെ കേസിൽ നിന്നും ഒഴിവാക്കിയതായാണ് ആരോപണമുയർന്നിരിക്കുന്നത്.
ഒരാൾ കഞ്ചാവ് ചെടികൾ വളർത്തുന്നതായും ഹാഷിഷ് ഓയിൽ കടത്തിലെ പിടികിട്ടാപ്പുള്ളി വീട്ടിലെത്തിയിട്ടുണ്ടെന്നുമുള്ള വിവരമാണ് എക്സൈസ് ഉദ്യോഗസ്ഥർക്കു രഹസ്യമായിട്ടു ലഭിച്ചത്. തുടർന്നു ഇയാളെ ദിവസങ്ങളോളം നിരിക്ഷിച്ചശേഷമാണു ഇവർ റെയ്ഡ് ചെയ്തു പിടികൂടാനെത്തിയത്. ഹാഷിഷ് ഓയിൽ വില്പന നടത്തിയ കേസിൽ പിടികിട്ടാപ്പുള്ളിയുടെ വീട്ടിൽ വേഷം മാറിയെത്തിയ എക്സൈസ് സംഘത്തോട് വീട്ടിലുള്ളവർ നിങ്ങൾ അന്വേഷിച്ചു എത്തിയ ആൾ സ്ഥലത്തില്ലെന്നാണ് ആദ്യം പറഞ്ഞത്.
പീന്നിട് മറ്റു പല കാര്യങ്ങൾ പറയുകയും എത്തിയിരിക്കുന്നവർ പ്രശ്നക്കാരല്ലെന്നു കാണുകയും ചെയ്തതോടെയാണു ഇയാൾ വീടിനുള്ളിൽ നിന്നും ഇറങ്ങിവന്നത്. പീന്നിടാണു എക്സൈസ് അധികൃതർ വീടിനുള്ളിൽ കയറി പരിശോധന നടത്തുകയും ഇയാളെ പിടികൂടുകയും ചെയ്തത്. എത്തിയവർ ഗുണ്ടകളാണെന്ന് തെറ്റിദ്ധരിച്ചു പികിട്ടാപ്പുള്ളി കുരുമുളക് സ്പ്രേയുമായിട്ടാണു ഇറങ്ങിവന്നത്.
ഇതേസമയം പിടികിട്ടാപ്പുള്ളി വിളിച്ച് അറിയിച്ചതനുസരിച്ചു ഒരു സംഘം ഗുണ്ടകളും വീട്ടിലെത്തിയിരുന്നു. തുടർന്നു പരിശോധനയ്ക്കു എത്തിയവർ എക്സൈസ് അധികൃതരാണെന്ന ബോധ്യപ്പെടുത്തുകയും പിടികിട്ടാപ്പുള്ളിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എന്നാൽ ഇയാളെ എക്സൈസ് ഓഫീസിൽ എത്തിച്ചപ്പോൾ കേസെടുക്കാനുള്ള തെളിവില്ലെന്നു ന്യായം പറഞ്ഞു ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു കേസിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്ന വ്യക്തിയാണു പഴയ കേസിലെ പിടികിട്ടാപ്പുള്ളിയെന്നു ബോധ്യപ്പെടുത്താനുള്ള സാക്ഷികളില്ലെന്നാണു ഉന്നത എക്സൈസ് ഉദ്യോഗസ്ഥന്റെ വിചിത്ര ന്യായം.പ്രാദേശിക ഉന്നത ഇടപെടലിനെ തുടർന്നു എക്സൈസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിലെടുത്ത പിടികിട്ടാപ്പുള്ളിയെ കേസിൽ നിന്നും ഒഴിവാക്കുയായിരുന്നുവെന്നാണു പുറത്തുവന്നിരിക്കുന്നത്. ഇത്തരം നടപടികൾക്കെതിരെ എക്സൈസ് ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥർക്കിടയിൽ അമർഷം പുകയുകയാണ്. ഈ സംഭവം ഒരു വിഭാഗം എക്സൈസ് ഉദ്യോഗസ്ഥർ ഉന്നത തലത്തിൽ അറിയിച്ചിട്ടുണ്ട്.