1980 ല്‍ മുത്തശ്ശി ഇന്ദിര ഗാന്ധിയും 1984 ല്‍ അച്ഛന്‍ രാജീവ് ഗാന്ധിയും 2004 ല്‍ അമ്മ സോണിയ ഗാന്ധിയും സഞ്ചരിച്ച അതേ വഴിയിലൂടെ 2019 ല്‍ രാഹുല്‍ ഗാന്ധിയും! ഗുജറാത്തിലെ ഒരു ആദിവാസി ഗ്രാമം ഗാന്ധി കുടുംബത്തിന്റെ ഭാഗ്യമാകുന്നതിങ്ങനെ

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ചൂടിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും. ആകര്‍ഷകവും കൗതുകകരവുമായ പല കാര്യങ്ങളും ഈ സമയത്ത് പൊതുജനങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. സമാനമായ രീതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഒരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണ പരിപാടികള്‍ക്ക് രാഹുല്‍ ഗാന്ധി തുടക്കമിട്ടിരിക്കുന്ന രീതിയാണ് ശ്രദ്ധേയമായത്. 1980 ല്‍ മുത്തശ്ശി ഇന്ദിര ഗാന്ധിയും 1984 ല്‍ പിതാവ് രാജീവ് ഗാന്ധിയും പിന്നീട് 2004 ല്‍ അമ്മ സോണിയ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച അതേ ആദിവാസി ഗ്രാമത്തില്‍ നിന്നാണ് രാഹുലും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നതാണത്.

ഗുജറാത്തിലെ ധരംപൂരിലെ ലാല്‍ ദംഗ്രി ഗ്രാമത്തില്‍ നിന്നാണ് രാഹുല്‍ വ്യാഴാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ഈ ആദിവാസി ഗ്രാമത്തില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചത്. രാജ്യം പിടിക്കാന്‍ ദംഗ്രിയില്‍ നിന്ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണം നല്ല ശകുനമാണ് എന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്.

ദക്ഷിണ ഗുജറാത്തിലെ ഈ ആദിവാസി ഗ്രാമം, സ്ഥിരമമായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പ്രദേശമാണ്. ഇന്ദിര ഗാന്ധിയെയും കോണ്‍ഗ്രസ് ചിഹ്നം കൈപ്പത്തിയെയും ബഹുമാനിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. ബുള്ളറ്റ് ട്രെയിന് വേണ്ടി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ പ്രദേശത്ത് നിലനില്‍ക്കുന്ന പ്രതിഷേധങ്ങളും കോണ്‍ഗ്രസിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് രാഹൂലും കൂട്ടരും വിലയിരുത്തുന്നത്.

ഇതിനെല്ലാം പുറമേ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും അതേ പാതയിലൂടെയാണ് താനും നടക്കാന്‍ ആഗ്രഹിക്കുന്നതെന്ന സന്ദേശം കൂടിയാണ് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്.

Related posts