90 എംഎൽ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ ഓവിയയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് നിരവധി പേർ. സ്ത്രീസ്വാതന്ത്ര്യം ആസ്വദിക്കുന്ന കുറേ പെണ്കുട്ടികളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.
ചിത്രത്തിലെ പല സംഭാഷണങ്ങളും സ്ത്രീത്വത്തെയും ഇന്ത്യന്‍ സംസ്കാരത്തെയും അപമാനിക്കുന്നതാണെന്നാണ് വിമര്‍ശകരുടെ ആരോപണം. ഇതിന് വളരെ വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഓവിയ.
പഴം കഴിക്കുന്നതിന് മുന്‍പേ വിത്ത് തിന്നു നോക്കി അഭിപ്രായം പറയരുത് എന്നാണ് ഓവിയയുടെ പ്രതികരണം. സിനിമ റിലീസ് ചെയ്യുന്നത് വരെ കാത്തിരിക്കൂ എന്നും മലയാളി കൂടിയായ ഓവിയ ആരാധകരോട് പറഞ്ഞു.
നിവീസ് എന്റര്ടെയ്ൻമെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഓവിയയെ കൂടാതെ അന്സണ് പോള്‍, മസൂണ്‍ ശങ്കർ, മോനിഷ രാം, ശ്രീ ഗോപിക തുടങ്ങിയവരും അതിഥി താരമായി ചിമ്പുവുമുണ്ട്. ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിട്ടില്ല.