പത്തനാപുരം: ജനാധിപത്യത്തെ സംരക്ഷിക്കാനെന്ന പേരിൽ അധികാരത്തിൽ വന്ന മോദി സർക്കാർ ജനാധിപത്യ സംവിധാനങ്ങളെ തകർക്കുകയും ഭരണഘടനയെ തിരുത്തുകയുമാണ് ചെയ്യുന്നതെന്ന് ജോസ്.കെ.മാണി എംപി.കേരള യാത്രയ്ക്ക് ജില്ലാ അതിർത്തിയായ പത്തനാപുരത്ത് നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജോസ് കെ.മാണി എംപി.
കോർപ്പറേറ്റുകളുടെയും അഴിമതിക്കാരുടെയും ഇടനിലക്കാരനായി പ്രധാനമന്ത്രി മാറി. പാർലമെന്റിലെ നിയമങ്ങളും ബില്ലുകളും അടിച്ചേല്പിക്കുന്നതിലുപരി പാർലമെന്റ് ദിനങ്ങളും വെട്ടിക്കുറച്ചു. മുൻപ് ഉണ്ടായിരുന്ന റെയിൽവേ ബജറ്റ് പോലും ഇല്ലാതാക്കി. ഒരു പ്രത്യേക മത വിഭാഗത്തിന് മാത്രമേ രാജ്യത്ത് ജീവിക്കാൻ അവസരം നല്കു എന്ന നിലപാടിലേക്ക് സംവിധാനങ്ങൾ ഒരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാടിന്റെ അധ്യക്ഷതയിൽ നടന്ന സ്വീകരണ യോഗം യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ ഉദ്ഘാടനം ചെയ്തു.കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണപിള്ള, നേതാക്കളായ എം.അബ്ദുൾ റഹ്മാൻ, കെ.അനിൽ, സജി ജോൺ കുറ്റിയിൽ,ബിജു ഡിക്രൂസ്, ജി.റെജി, മാങ്കോട് ഷാജഹാൻ, എഫ്.ഹുസൈൻ, കെ.തോമസ്, ബിജു പൂന്തോട്ടം, കോശി ജോർജ്, പി.വാസുദേവൻ നായർ, സേവ്യർ കടകംപള്ളി, ആർ.ആരോമലുണ്ണി, അനിൽ പട്ടാഴി, ചിറ്റലക്കാട് സുരേന്ദ്രൻ, കെ.എ എബ്രഹാം, പി.എ യൂസഫ്, മുഹമ്മദ് ഷാജി, മുഹമ്മദ് കാസിം, അജിതാ ഗിരീഷ്, വാഴപ്പാറ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.