കണ്ണൂർ: കേരള ദിനേശ് ബീഡി കേന്ദ്ര സഹകരണസംഘം 50 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന വിപുലമായ ആഘോഷ പരിപാടികൾക്ക് രൂപം നൽകിയതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വാർഷികാഘോഷം മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. അന്‍പതാം വാർഷികത്തിന്റെ ഔപചാരിക ഉദ്ഘാടനം മാർച്ച് ഒൻപതിന് വൈകുന്നേരം നാലിന് ടൗൺ സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ ഇ.പി. ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, എംപിമാർ, എംഎൽഎമാർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ കേരളത്തിലെ സ്വകാര്യബീഡി കന്പനികൾ അടച്ചുപൂട്ടിയതിനെതിരേയുള്ള സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ചവരെ മുഖ്യമന്ത്രി ആദരിക്കും.
ദിനേശ് ബീഡി സംഘങ്ങളിലെ തൊഴിലാളികൾ, ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകുന്ന ഘോഷയാത്ര നടക്കും. 2.30ന് വിളക്കുംതറ മൈതാനിയിൽനിന്ന് ഉദ്ഘാടന വേദിയിലേക്കാണ് ഘോഷയാത്ര നടക്കുക.
അന്‍പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ ദിനേശിന്റെ ഹെഡ് ഓഫീസിലും 105 ബ്രാഞ്ചുകളിലും ദിനേശ് പതാക ഉയർത്തും.
22ന് ഉച്ചകഴിഞ്ഞ് മൂന്നിന് ദിനേശ് ഓഡിറ്റോറിയത്തിൽ മന്ത്രി ഇ.പി. ജയരാജൻ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ദിനേശ് സംഘങ്ങളിലെ ആദ്യകാല തൊഴിലാളികളെയും ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും ആദരിക്കും. മന്ത്രി കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
23ന് കാഞ്ഞങ്ങാട് ടൗൺ ഹാളിൽ കാസർഗോഡ് ജില്ലയിലെ ദിനേശ് സംഘങ്ങളിലെ ആദ്യകാല തൊഴിലാളികളെ ആദരിക്കും. മന്ത്രി ഇ. ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കെ.പി. സഹദേവൻ, ജനറൽ കൺവീനർ സി. രാജൻ, കെ. പ്രഭാകരൻ, പള്ള്യൻ ശ്രീധരൻ എന്നിവർ പങ്കെടുത്തു.