ജമ്മു: ജമ്മു കാഷ്മീരിലെ പുൽവാമയിൽ സൈനിക വാഹനവ്യൂഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം 30 ആയി. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ഉഗ്രശേഷിയുള്ള ഐഇഡി ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം.
അവന്തിപ്പോറയിൽ സിആര്‍പിഎഫ് വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഇതിലുണ്ടായിരുന്ന ഒരു സൈനികബസിന് നേരെ സ്ഫോടക വസ്തുകള്‍ നിറച്ച കാര്‍ ഭീകരർ ഇടിച്ചു കയറ്റുകയായിരുന്നു. 2500 ഓളം സൈനികർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് കോൺവോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. എഴുപത് വാഹനങ്ങളാണ് വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. പുൽവാമ സ്വദേശിയായ ആദിൽ അഹമ്മദാണ് കാർ ഓടിച്ചതെന്നാണ് റിപ്പോർട്ട്. ജയ്ഷെ മുഹമ്മദിന്റെ ചാവേർ ആക്രമണ സ്ക്വാഡിലെ അംഗമാണ് ആദിൽ.
പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വെള്ളിയാഴ്ച ജമ്മു കാഷ്മീർ സന്ദർശിക്കുമെന്നും അറിയിച്ചു. 2016-ലെ ഉറി ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടാവുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
കാറിലുണ്ടായിരുന്നത് 350 കിലോ സ്ഫോടക വസ്തുക്കൾ
ജമ്മു: ജമ്മു കാഷ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനുനേരെ ഭീകരർ ആക്രമണം നടത്തിയത് 350 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചെന്ന് റിപ്പോർട്ട്. പുൽവാമ സ്വദേശിയായ അദിൽ അഹമ്മദ് എന്ന ചാവേർ കാറിൽ സ്ഫോടക വസ്തുക്കൾ നിറച്ച് സൈനിക വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
ഭീകരാക്രമണത്തിൽ 20 ജവാന്മാർ കൊല്ലപ്പെടുകയും നാൽപ്പതോളം ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. 2500 ഓളം സൈനികർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടനം നടത്തിയശേഷം ഭീകരർ ജവാന്മാർക്കു നേരെ വെടിയുതിർക്കുകയും ചെയ്തു.