മലപ്പുറം: മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്ന കനകദുർഗയുടെ പരാതിയിയിൽ പെരിന്തൽമണ്ണ ഡിവൈഎസ്പിയോട് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. തിരൂർ റസ്റ്റ് ഹൗസിൽ മനുഷ്യാവകാശ കമ്മീഷണർ കെ. മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിലാണ് നടപടി. ലഭിച്ച 49 പരാതികളിൽ 13 എണ്ണത്തിനു കമ്മീഷൻ തീർപ്പു കൽപ്പിച്ചു.
നെഹ്റു കോളജ് ഓഫ് ഫാർമസിയിലെ വിദ്യാർഥികളെ മന:പൂർവം തോൽപ്പിക്കുന്നതായും മാനസികമായി പീഡിപ്പിക്കുന്നതായും വിദ്യാർഥികൾ നൽകിയ പരാതിയിയിൽ കോളജ് പ്രിൻസിപ്പലിനോടു വിശദീകരണം നൽകാനും ആരോഗ്യ സർവകലാശാല രജിസ്ട്രാറോടു അന്വേഷിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചു.
പള്ളി വക സ്ഥലം സംബന്ധിച്ചു പരാതി നൽകിയതിന്റെ പേരിൽ മകളുടെ വിവാഹ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച ഇരുന്പിലകം തെക്കേ ജുമാമസ്ജിദ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനാൽ തിരൂർ ഡിവൈഎസ്പി മുഖാന്തരം സമൻസ് അയക്കാനും ഉത്തരവായി.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തലവേദനയുമായി പ്രവേശിപ്പിച്ച സഹോദരിക്ക് ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥ മൂലം മരണം സംഭവിച്ചുവെന്ന പരാതിയിയിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനോടു വിശദീകരണം ആവശ്യപ്പെട്ടു.