തിരുവനന്തപുരം: സംസ്ഥാനത്തെ ആംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. യഥാക്രമം 12,000, 8,000 എന്നിങ്ങനെയാണ് പുതുക്കിയ ഓണറേറിയം. 2018 ഒക്ടോബര്‍ ഒന്നുമുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് ഓണറേറിയം ലഭിക്കുക. ആരോഗ്യമന്ത്രി കെ.കെ.ഷൈലജയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഈ വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിച്ച വര്‍ധനവ് കൂടിയാകുമ്പോള്‍ വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മാസം മുതല്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. ഇതിന് പുറമേ ആംഗൻവാടി ഹെല്‍പ്പര്‍മാര്‍ക്ക് സെന്ററുകളുടെ ശരിയായ നടത്തിപ്പിന്റെ അടിസ്ഥാനത്തില്‍ 250 രൂപ പെര്‍ഫോമന്‍സ് ഇന്‍സന്റീവ് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ടെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.