മുതലമട: ചെമ്മണാംപതിയിൽ വീണ്ടും ഒറ്റയാൻ വീടാക്രമിച്ചു നാശനഷ്ടമുണ്ടാക്കി. എഴുപതുകാരനായ വൃദ്ധനും ഭാര്യയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അരശമരക്കാട് ചെല്ലമുത്തുകൗണ്ടറുടെ വീടിനു പിൻഭാഗമാണ് ഒറ്റയാന്റെ ആക്രമണത്തിൽ നശിച്ചത്.
ശബ്ദംകേട്ട് ഉണർന്ന ചെല്ലമുത്തു കൗണ്ടറും ഭാര്യ സരസ്വതിയും ജനലിലൂടെ നോക്കിയപ്പോൾ കലിയിളകിയ ഒറ്റയാനെയാണ് കണ്ടത്. തുടർന്ന് ലൈറ്റുകൾ അണച്ച് മുൻവാതിതിലൂടെ പുറത്തിറങ്ങി നൂറുമീറ്റർ അകലെയുള്ള വീട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ആന വീട്ടുപരിസരത്തു ഒരുമണിക്കൂറോളം നിലയുറപ്പിച്ചു. പിന്നീട് ആന സമീപത്തെ പാപ്പനായ്ക്കൻ, സെന്തിൽകുമാർ എന്നിവരുടെ തോട്ടത്തിൽ കയറി മാവുകൾ നശിപ്പശേഷം തിരിച്ചുപോയി. ഒറ്റയാന്റെ ആക്രമണത്തെപ്പറ്റി സമീപവാസിയായ കാളിയപ്പൻ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
വർധിച്ചുവരുന്ന ഒറ്റയാന്റെ ആക്രമണങ്ങൾമൂലം നാലോളം വീട്ടുകാർ ഭീതിയിലാണ് കഴിയുന്നത്. വനംവകുപ്പ് ജീവനക്കാർ ഒന്നരമാസംമുന്പ് തുരത്തിയ ആനയാണ് ഇന്നലെ അർധരാത്രി വീണ്ടുമെത്തി വ്യാപകനാശമുണ്ടാക്കിയത്.