തലശേരി: ഫോട്ടോ ഫ്രെയിം കൊണ്ട് തലയ്ക്കടിയേറ്റ് സാരമായ പരിക്കുകളോടെ യുവതിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ കോടതിക്ക് സമീപം ഹോളേ വേ റോഡിൽ ഗോവർധൻ വീട്ടിൽ അരവിന്ദ് രത്നാകരന്റെ ഭാര്യ ബീന (40)യെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ ബീനയുടെ ഭർതൃ സഹോദരി അപർണ രവനീത് ചൗധരിക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.സന്ധ്യാ ദീപം വയ്ക്കുന്നതിനിടയിൽ അപർണ അക്രമിക്കുകയായിരുന്നുവെന്ന് ബീന പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.തലയ്ക്ക് സാരമായി പരിക്കേറ്റ ബീനയെ ആദ്യം തലശേരി സഹകരണ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ശ്രീ ഞ്ജാനോദയ യോഗം പ്രസിഡന്റും വിക്ടോറിയ ഹോട്ടൽ ഉടമയുമായിരുന്ന പരേതനായ കെ.പി.രത്നാകരന്റെ മക്കളാണ് അരവിന്ദ് രത്നാകരനും അപർണയും.രത്നാകരന്റെ മരണ ശേഷം സ്വത്ത് സംബനധിച്ച തർക്കം ഉടലെടുക്കുകയും ഇത് സംബന്ധിച്ച കേസുകൾ കോടതിയിൽ എത്തുകയും ചെയ്തിരുന്നു. സ്വത്തു തർക്കമാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.