പയ്യന്നൂര്‍:സൗദി-അബുദാബി പെട്രോളിയം ഭീമന്മാരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങി കണ്ടങ്കാളിയെ പെട്രോളിയം ഹബ്ബാക്കി മാറ്റാനുള്ള നീക്കമാണ് കേന്ദ്ര-കേരള സർക്കാർ നടത്തുന്നതെന്ന് കണ്ടങ്കാളി പെട്രോളിയം പദ്ധതി വിരുദ്ധ ജനകീയ സമര സമിതി. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള നിലവിലുള്ള പെട്രോളിയം വിതരണത്തിന് നിലവില്‍ തടസമില്ല എന്നിരിക്കേയാണ് ഈ പ്രദേശങ്ങളിലേക്ക് എണ്ണ വിതരണമെന്ന പേരില്‍ കണ്ടങ്കാളിയില്‍ പെട്രോളിയം സംഭരണശാല സ്ഥാപിക്കാനൊരുങ്ങുന്നത്.വടക്കന്‍ കേരളത്തില്‍ നിലവിലുള്ള വികേന്ദ്രീകരണ സംവിധാനങ്ങളാണ് ആവശ്യം.
കൊങ്കണിലെ രത്നഗിരിയില്‍ 15000 ഏക്കര്‍ കൃഷി ഭൂമി ഏറ്റെടുത്ത് മൂന്ന് ലക്ഷം കോടി മുതല്‍മുടക്കില്‍ ലോകത്തെ ഏറ്റവും വലിയ പെട്രോളിയം റിഫൈനറി-പെട്രോകെമിക്കല്‍ പദ്ധതി നടപ്പാക്കാന്‍ പോകുകയാണ്.ഈ പദ്ധതിയും കേരള സര്‍ക്കാര്‍ ഫാക്ടിന്റെ സ്ഥലം വിട്ടുകൊടുത്ത് സ്ഥാപിക്കാന്‍ പോകുന്ന റിഫൈനറിയുമായി ബന്ധപ്പെടുത്തിയുള്ള ഭീമന് പദ്ധതിയാണ് കണ്ടങ്കാളിയില്‍ നടപ്പാക്കാന്‍ പോകുന്നത്.
ജില്ലാ കളക്ടര്‍ നടത്തിയ പബ്ലിക് ഹിയറിംഗില്‍ ജനങ്ങള്‍ തള്ളിക്കഞ്ഞ പദ്ധതിയാണിത്.ഇതൊരു ജനാധിപത്യ രാജ്യമാണ്.ഇതുവരെ പരിസ്ഥിതി അനുമതി ലഭിക്കാത്ത പദ്ധതി നടപടിക്രമങ്ങള്‍ പാലിക്കാതെ രാഷ്ട്രീയ തിരുമാനമാത്രമുപയോഗിച്ച് നടപ്പാക്കാനാകില്ല.എന്ത് വിലകൊടുത്തും ആഗോള കുത്തക ഭീമന്മാര്ക്കായി നാടിനെ നശിപ്പിക്കാന്‍ വിട്ടുകൊടുക്കുന്ന നടപടിയെ ശക്തമായി എതിര്‍ക്കുമെന്നും സമര സമിതി ചെയര്മാന് ടി.പി.പത്മനാഭന് പറഞ്ഞു.
കേരളം വളരെയധികം പുരേഗി മിച്ച സംസ്ഥാനമാണെന്നും ഇവിടെ പെട്രോളിയം സംഭരണത്തിനായി നെല്‍വയല്‍ നികത്തുന്നത് അങ്ങേയറ്റം ദുഃഖകരമാണെന്നും ഇന്നലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ച പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും മഗ്സാസെ അവാര്‍ഡ് ജേതാവുമായ ഡോ.സന്ദീപ് പാണ്ഡെ പറഞ്ഞു.പുരോഗമന കേരളം വിനാശ വികസനത്തിന് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.