വടകര: ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ആർഎംപിഐ സ്ഥാനാർഥിയുടെ വിജയം രാഷ്ട്രീയ ഫാസിസത്തിനെതിരെയുള്ള ജനാധിപത്യത്തിന്റെ വിജയമാണെന്ന് സംസ്ഥാന സെക്രട്ടറി എൻ.വേണു അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് നടന്ന വാർഡിന് പുറത്തുള്ള അനർഹരായ ആളുകളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുകയും യഥാർഥ വോട്ടർമാരെ പട്ടികയിൽ നിന്ന് തള്ളിക്കുകയും ചെയ്ത് കൃത്രിമ ഭുരിപക്ഷം ഉണ്ടാക്കാനാണ് സിപിഎം ശ്രമിച്ചത്.
ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതിയിൽ വരും ദിവസങ്ങളിൽ നിയമ പോരാട്ടം നടത്തുമെന്ന് വേണു വ്യക്തമാക്കി.
മന്ത്രിമാർ ഉൾപെടെ വീട് കയറി വാഗ്ദാനങ്ങളുടെ പുകമറ സൃഷ്ടിച്ചു. ഭരണ സംവിധാനവും സിപിഎമ്മിന്റെ പാർട്ടി സംഘടനയുടെ പൂർണ സ്വാധീനവും ഉപയോഗിച്ച് ജാതിയ-മത ചേരിതിരിവ് സൃഷ്ടിച്ചു. ബിജെപിയുമായും എസ്ഡിപിഐയുമായും ധാരയുണ്ടാക്കിയിട്ടും സിപിഎമ്മിനേറ്റ കനത്ത പ്രഹരം ഒഞ്ചിയത്തെ ജനങ്ങളുടെ ജനധിപത്യ പോരാട്ടത്തിന്റെ ഫലം കൂടിയാണെന്നു വേണു പ്രസ്താവനയിൽ പറഞ്ഞു.
സാങ്കേതിക വിജയം മാത്രമെന്ന് സിപിഎം
വടകര: ഒഞ്ചിയം പഞ്ചായത്ത് അഞ്ചാം വാർഡിലെ ആർഎംപിഐ വിജയം സാങ്കേതികം മാത്രമാണെന്നും ഇടത് മുന്നണിക്ക് അഭിമാനിക്കാൻ തക്ക മുന്നേറ്റമാണ് വാർഡിൽ ഉണ്ടായിരിക്കുന്നതെന്നും സിപിഎം ഏരിയാ സെക്രട്ടറി ടി.പി.ബിനീഷ്.
കഴിഞ്ഞ തവണത്തേതിനേക്കാൾ 196 വോട്ട് എൽഡിഎഫിന് അധികം നേടാൻ കഴിഞ്ഞുവെന്നും ആർഎംപിഐയുടെ വോട്ട് കുറഞ്ഞെന്നും ഇത് പഞ്ചായത്തിലെ ഭരണവിരുദ്ധ വികാരമാണ് തെളിയിക്കുന്നതെന്നും ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. 2015 ൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആർഎംപിഐക്ക് ഈ വാർഡിൽ 840 വോട്ട് ലഭിച്ചപ്പോൾ ഇത്തവണ 767 വോട്ടായി കുറഞ്ഞിരിക്കുകയാണ്.
അതേസമയം 2015 ൽ 263 വോട്ട് ലഭിച്ച സിപിഎമ്മിന് ഈ പ്രാവശ്യം 459 വോട്ട് നേടാനായി. യുഡിഎഫ്-ആർഎംപിഐ സംയുക്ത സ്ഥാനാർഥിയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിർത്താൻ പോകുന്നതിന്റെ സൂചനയാണ് ഒഞ്ചിയത്തെ കൂട്ടുകെട്ടെന്നും ബിനീഷ് പറഞ്ഞു.