കോഴിക്കോട്: ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷ ഗുണനിലവാര അഥോറിറ്റിയുടെയും കേരള ഭക്ഷ്യസുരക്ഷ കമ്മീഷണറുടെയും മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന ഭോഗ് ( ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിംഗ് ടു ഗോഡ്) പദ്ധതി പാതിവഴിയില്‍. മുഴുവന്‍ ആരാധനാലയങ്ങളുടെയും വിവരശേഖണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ സാംബശിവറാവു നിര്‍ദേശിച്ചെങ്കിലും പദ്ധതി പ്രായോഗികമാക്കുന്നതില്‍ വെല്ലുവിളികള്‍ തുടരുകയാണ്.
ദിവസങ്ങള്‍ക്കുമുന്‍പ് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വിവരശേഖരണം വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. അടുത്ത ഘട്ടമായി ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന് എടുക്കണം.ക ്ഷേത്രങ്ങളും ക്രിസ്ത്യന്‍, മുസ്ലിം പള്ളികളുമെല്ലാം നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യണം. ഈ മാസം 28ന് മുമ്പ് രജിസ്ട്രേഷന് നടത്തണമെന്നാണ് സംസ്ഥാനതല തീരുമാനം.
ലൈസന്‍സുള്ള വ്യാപാരികളില്‍നിന്ന് മാത്രമേ ആരാധനാലയത്തിലേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ പാടുള്ളൂ എന്നും ബില്ല് കൃത്യമായി സൂക്ഷിക്കണമെന്നും വകുപ്പിന്റെ കര്‍ശനനിര്‍ദേശമുണ്ട്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷ്യസാധനങ്ങള്‍ വിതരണം നടത്തുന്നത് ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം ആറുമാസം തടവും അഞ്ച് ലക്ഷം രൂപ പിഴയും ഈടാക്കാവുന്ന കുറ്റമാണ്.
ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന് എടുക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അക്ഷയകേന്ദ്രങ്ങളില്‍ ഇതിന് സൗകര്യമുണ്ടാകും. ആരാധനാലയങ്ങളുടെ നടത്തിപ്പുകാരുടെ തിരിച്ചറിയല്‍ രേഖ, ഫോട്ടോ, ഭക്ഷണം തയാറാക്കുന്ന ആളുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ റിപ്പോര്‍ട്ട് എന്നീ രേഖകള്‍ സഹിതം വേണം അപേക്ഷിക്കാന്‍. നൂറ് രൂപയാണ് അപേക്ഷാഫീസ്.
ഭോഗ് രജിസ്ട്രേഷന് സംബന്ധിച്ച് ബോധവത്കരണം കാര്യക്ഷമമായല്ല നടപ്പിലാക്കുന്നതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്ര പ്രതിനിധികള്‍ ആശങ്കയിലാണ്. നിവേദ്യവിതരണമുള്പ്പെടെയുള്ള കാര്യങ്ങളില്‍ ഈ വിഷയത്തില്‍ വ്യക്തത നല്കാന് ജില്ല ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും വാഹനം ഇല്ലാത്തതുമെല്ലാം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.