ഇരിട്ടി: ഇരിട്ടി ടൗണിലെ ഓവുചാല്‍ നിര്‍മാണത്തിന്റെ രൂപരേഖ കെഎസ്ടിപി നല്‍കിയില്ല. കരാറുകാര്‍ പ്രവൃത്തി ഉപേക്ഷിച്ച് സ്ഥലംവിട്ടു. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി അപകടാവസ്ഥയില്‍ നിൽക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കിയാല്‍ മാത്രമെ പുതിയ ഓവുചാല്‍ നിര്മിക്കാനാവു. എന്നാല്‍, ഈ മരങ്ങള്‍ എത്രയെണ്ണം മുറിക്കണമെന്ന കാര്യത്തിൽ തീരുമാനം വൈകുകയാണ് .
സണ്ണി ജോസഫ് എംഎല്‍എയും നഗരസഭാ ചെയര്മാന് പി.പി.അശോകനും ചേര്‍ന്ന് വിളിച്ചുചേര്‍ത്ത കെഎസ്ടിപി, കണ്‍സള്‍ട്ടന്റ്, കരാറുകാര്‍ തുടങ്ങിയവരുടെ യോഗത്തില്‍ പുതിയ ഓവുചാല്‍ നിര്‍മിക്കാനും ആവശ്യമായ മുഴുവന്‍ മരങ്ങളും മുറിക്കാനും തീരുമാനിച്ചെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ നീക്കം അട്ടിമറിക്കുകയായിരുന്നു. നിലവിലുള്ള ഓവുചാലുകള്‍ നിലനിര്‍ത്തിയുള്ള നഗര വികസനം കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ല.
പുതിയ ടൗണ്‍ വികസന മാസ്റ്റര്‍പ്ലാനില്‍ ആവശ്യമായ സ്ഥലങ്ങളില്‍ തണല്‍ മരങ്ങള്‍ വയ്ക്കാനും പദ്ധതിയുണ്ട്. ഇപ്പോള്‍ നഗരത്തിലെ മരങ്ങളില്‍ ഭൂരിഭാഗവും പൊങ്ങ് ഇനത്തില്‍പ്പെട്ടവയാണ്. വേരുകള്‍ കൂടി നശിക്കുന്നതോടെ ഇവ ഏത് സമയവും നിലം പൊത്താനുള്ള സാധ്യതയും ഏറെയാണ്.
കൈയേറിയ ഭൂമികൂടി നഗരത്തിന്റെ ഭാഗമാകുമ്പോള്‍ മുറിച്ചു നീക്കുന്ന മരങ്ങളുടെ ഇരട്ടി തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാനും കഴിയുമെന്നിരിക്കെയാണ് ടൗണ്‍ വികസനത്തിന് ആവശ്യമായ മരം മുറിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തത്.
നഗരവികസനത്തിന് ഇപ്പോള്‍ കിട്ടിയ അവസരം പരമാവധി ഉപയോഗിച്ചില്ലങ്കില്‍ ഗതാഗതകുരുക്കിന് പരിഹാരമാവില്ല.ഇരിട്ടി ടൗണില്‍ നാലുവരി പാതയ്ക്കുള്ള സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി അന്തര്‍ സംസ്ഥാന പാതയിലെ റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.