ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സ്റ്റൈൽമന്നൻ രജനികാന്ത്. തെരഞ്ഞെടുപ്പിൽ താൻ ആരെയും പിന്തുണയ്ക്കില്ലെന്നും ആരും തന്റെ ചിത്രമോ പാർട്ടിയുടെ ലോഗോയോ പ്രചരണത്തിന് ഉപയോഗിക്കരുതെന്നും രജനികാന്ത് പറഞ്ഞു. ഇതോടെ മാസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കാണ് വിരാമമായത്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മറ്റ് ഒരു പാർട്ടികളെയും പിന്തുണയ്ക്കില്ല. അതുകോണ്ട് തന്നെ തന്റെ ചിത്രമോ രജനി മക്കൾ മൺട്രം പാർട്ടിയുടെ കൊടിയോ രജനി ഫാൻക്ലബിന്റെ ലോഗോയോ പ്രചരണത്തിന് ഒരു പാർട്ടിയും ഉപയോഗിക്കാൻ പാടില്ല- അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തമിഴ്നാട് നേരിടുന്ന പ്രധാനപ്രശ്നം ജലക്ഷാമമാണ്. ഇതു പരിഹരിക്കുമെന്ന് ഉറപ്പ് നൽകുന്നവർക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.