കോട്ടയം: വിവാദത്തെ തുടർന്ന് പിൻവലിച്ച ചിത്രത്തിനു വിശദീകരണവുമായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം രംഗത്ത്. പുൽവാമയിൽ വീരമൃത്യുവരിച്ച ജവാന്റെ മൃതദേഹത്തിനരികെ നിൽക്കുന്ന ചിത്രം സെൽഫിയല്ലെന്ന് വിശദീകരിച്ചാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ജവാന്റെ വസതിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത ചിത്രമാണ്. അവർ ഇത് തന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയുന്ന ഓഫീസിലേക്ക് അയച്ചു കൊടുത്തു. ആ ചിത്രം സെൽഫിയല്ലയെന്നു വിശദമായി നോക്കിയാൽ മനസിലാകും. താൻ സെൽഫി എടുക്കാറില്ലെന്നും ഇതുവരെ സെൽഫി എടുത്തിട്ടില്ലെന്നും കണ്ണന്താനം പറയുന്നു. ഫേസ്ബുക്കിലാണ് കണ്ണന്താനം ഇക്കാര്യം വിശദീകരിച്ചത്.
ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാർത്ഥമായി പ്രയത്നിക്കുകയാണ് യുവതലമുറ ഉൾപ്പടെയുള്ളവർ ചെയ്യേണ്ടതെന്നും കൂടി പറഞ്ഞുകൊണ്ടാണ് അൽഫോൻസ് കണ്ണന്താനം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ജമ്മു കാഷ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻ വി.വി.വസന്തകുമാറിന്റെ മൃതദേഹത്തിനരികെനിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് അൽഫോണ്‍സ് കണ്ണന്താനം പുലിവാലു പിടിച്ചത്. ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ സെൽഫിയുടെ പേരിൽ മന്ത്രിക്കെതിരേ രൂക്ഷ വിമർശ നങ്ങൾ ഉയർന്നു. ഇതോടെ പേജിൽനിന്നു മന്ത്രി പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ചിത്രം പിൻവലിച്ചത് എന്തുകൊണ്ടാണെന്ന് മന്ത്രി വിശദീകരിച്ചിട്ടില്ല.