എപ്പോഴും ചലിച്ചും ചിലച്ചുമിരിക്കുന്ന അണ്ണാൻമാരെ കാണാൻ പൊതുവെ എല്ലാവർക്കും ഇഷ്ടമാണ്. ദേഹത്തെ രോമത്തിന് ചാര നിറവും സ്വർണ നിറവുമുള്ള മുതുകിലൂടെ കറുത്ത വരയുള്ള അണ്ണാൻമാരെയാണ് സാധാരണയായി കാണാറ്. എന്നാൽ ലിങ്കണ്‍ഷെയറിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഒരു അണ്ണാൻ ഇന്റർനെറ്റിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.
തൂവെള്ള നിറത്തിലുള്ള രോമങ്ങളോടുകൂടിയുള്ള ഈ അണ്ണാന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. സ്റ്റീഫൻ പ്ലാന്റ് എന്ന അമച്വർ ഫോട്ടോഗ്രാഫറാണ് വെളുത്ത അണ്ണാന്റെ ചിത്രങ്ങൾ തന്റെ കാമറയിൽ പകർത്തിയത്.
ലിങ്കണ്‍ഷെയറിലുള്ള കനാലിന്റെ തീരത്ത് നീലപ്പൊന്മാന്റെ ചിത്രമെടുക്കാൻ പോയപ്പോഴാണ് സ്റ്റീഫന്‍ ഈ അപൂർവ ചിത്രം കിട്ടിയത്. ഇംഗ്ലണ്ടിലാകെ 50 വെളുത്ത അണ്ണാൻമാരുണ്ടെന്നാണ് കണക്ക്. ശരീരത്തിനും രോമങ്ങൾക്കും നിറങ്ങൾ നൽകുന്ന മെലാനിൻ എന്ന വസ്തുവിന്റെ അഭാവമാണ് ഈ അണ്ണാൻമാർക്ക് വെളുത്ത നിറം നൽകുന്നത്.