ഇപ്പോള്‍ കേരളത്തില്‍ എവിടെ നോക്കിയാലും കാണാനാവുന്നത് മാവുകള്‍ പൂത്തുനില്ക്കുന്ന കാഴ്ചയാണ്. മുമ്പെങ്ങുമില്ലാത്തവണ്ണമാണ് ഇത്തവണ മാവുകള്‍ ഭ്രാന്ത് പിടിച്ചപോലെ പൂത്തിരിക്കുന്നത്. പത്തും മുപ്പതും വര്‍ഷമായി പൂക്കാതെ നിന്ന മാവുകള്‍ വരെ ഇപ്പോള്‍ ഇലകാണാത്ത വിധത്തില്‍ പുത്തുലഞ്ഞിരിക്കുകയാണ്.
മാവുകള്‍ പൂത്തുനില്‍ക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെങ്കിലും അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ പലപ്പോഴും ദുരന്തത്തില്‍ കലാശിക്കുന്നത് ആളുകളെ ഒരേ സമയം ആശങ്കപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
പണ്ട് മിസോറാമില്‍ ഇതുപോലെ മുള പൂത്തപ്പോള്‍ എലികള്‍ കൂട്ടമായി പെരുകുകയും പ്ലേഗ് പടര്‍ന്നതും മലയാളിയുടെ ഓര്‍മയിലുണ്ട്. അത്തരമൊരു ആശങ്കയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ പലരുടെയും ഉള്ളിലുള്ളത്. എന്നാല്‍ അത്തരം ആശങ്കപ്പെടാനുള്ള കാര്യങ്ങളൊന്നും ഇതിലില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡിസംബര്‍-ജനുവരി മാസങ്ങളിലെ തണുപ്പും ഭൂഗര്‍ഭജലത്തിന്റെ കൂടിയ അളവുമാണ് ഇത്തവണ മാവുകളെ സന്തോഷത്താല്‍ മതിമറന്നു പൂക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. കേരളമാകെ മാവുകള്‍ പൂത്തു നില്ക്കുന്ന കാഴ്ചയ്ക്കു പിന്നില്‍ ഈ മൂന്നു കാരണങ്ങളാണെന്നു ഇതേപ്പറ്റി പഠിച്ച കേരള കാര്‍ഷിക സര്‍വകലാശാല സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ കേരളം മൂടിപ്പുതച്ചുറങ്ങിയപ്പോള് മാവുകള്‍ക്കും കുളിരുകോരി.
2018 –നെ അപേക്ഷിച്ച് അസാധാരണമായ തണുപ്പാണ് മൂന്നാറിലടക്കം ഉണ്ടായത്. ജനുവരി രാത്രികളിലെ കുറഞ്ഞ താപനില 16 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു. 2018–ല്‍ 20–24 ഡിഗ്രി സെല്‍ഷ്യസ്. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ സാന്നിധ്യവും 40–60 % കണ്ടു കുറഞ്ഞു. 2018 ല്‍ 60–80 %. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കഴിഞ്ഞ ആണ്ടില്‍ ശക്തമായതാണ് ഭൂഗര്‍ഭ ജലത്തിന്റെ അളവു കൂടാന്‍ കാരണം. നല്ല മഴ കൂടുതല്‍ പൂക്കാന്‍ പ്രേരണയായി. പിന്നിട്ട നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മഴ ഒഴിഞ്ഞു നിന്നതും അനുഗ്രഹമായി.
മുന്‍വര്‍ഷം പൂവിടല്‍ കാലത്ത് അനുഭവപ്പെട്ട കനത്ത മഴ കായഫലം കുറച്ചിരുന്നു. മാവിന്റെ തളിര് ശിഖരങ്ങളിലെ അന്നജത്തിന്റെയും നൈട്രജന്റെയും സാന്നിധ്യമാണ് മികച്ച കായ്ഫലം ഉറപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം കായ്ഫലം കുറഞ്ഞതുമൂലം ശിഖരങ്ങളിലെ അന്നജത്തിന്റെ നിക്ഷേപം വര്‍ധിച്ചു. ഇതും മാവിന്റെ പൂവിടല്‍ശേഷി വര്‍ധിപ്പിച്ചതായി റിസര്‍ച്ച് ഡയറക്ടര്‍ ഡോ. പി.ഇന്ദിരാദേവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരേന്ത്യയില്‍ മാവിന്റെ പൂവിടലില്‍ ഗണ്യമായി കുറവുണ്ടായ സാഹചര്യം നിലനില്‍ക്കെയാണ് കേരളത്തിലെ സമൃദ്ധമായ പൂവിടല്‍ കാലം. തമിഴ്നാട്ടില്‍ സമാനമായ പ്രതിഭാസം മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ട്.