ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു. കൊല്ലപ്പെട്ടവരിൽ ഒരു മേജറും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെ ഭീകരർ സേനയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു.
ഇതേതുടർന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. തിങ്കളാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് സൂചന.
കഴിഞ്ഞ ദിവസം പുൽവാമയിൽ സൈനിക വ്യൂഹം ആക്രമിച്ച ആദിലിന്റെ കൂട്ടാളികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇവർ ജയ്ഷെ മുഹമ്മദ് ഭീകരസംഘത്തിൽ ഉള്ളവരാണെന്നും റിപ്പോർട്ടുണ്ട്.