അടിമാലി: ആവശ്യമുള്ളപ്പോഴെല്ലാം പാൽ ചുരത്തുന്ന കാമധേനുവിന്റെ കഥ പലരും കേട്ടിട്ടുണ്ടാകാം. എന്നാൽ, ഇരുട്ടുകാനം കന്പിലൈൻ തറമുട്ടം സണ്ണിയുടെ വീട്ടിൽ ചെന്നാൽ ചെറിയൊരു കാമധേനുവിനെ നേരിട്ടു കാണാം. കഴിഞ്ഞ പത്തു വർഷമായി മുടങ്ങാതെ പാൽ ചുരത്തിയാണ് ഈ ജേഴ്സി പശു കുടുംബത്തിന്റെ കാമധേനു ആയി മാറിയിരിക്കുന്നത്.
അപൂർവമായി മാത്രം കാണുന്ന പ്രതിഭാസമാണിതെന്നു വെറ്ററിനറി ഡോക്ടർമാർ പറയുന്നു.2007ൽ ഇടക്കറവയായി തോക്കുപാറ കല്ലംപ്ലാക്കൽ ത്രേസ്യാക്കുട്ടിയുടെ വീട്ടിൽനിന്നു വാങ്ങിയതാണ് ഈ പശുവിനെ.
അതിനു ശേഷം കുത്തിവയ്പെടുത്തു ചെന പിടിച്ച് ഒന്നു പ്രസവിച്ചു. 2009 ഫെബ്രുവരി 14ന് പ്രസവിച്ച പശുവിന് അന്നു തുടങ്ങിയ കറവ ഇതുവരെ നിലച്ചിട്ടില്ല. അതിനു ശേഷം പലതവണ കുത്തിവയ്പ് നടത്തിയെങ്കിലും ഗർഭം ധരിച്ചില്ല. ഇപ്പോൾ പതിനഞ്ചു വയസ് കണക്കാക്കുന്നു.
തുടക്കത്തിൽ രാവിലെ അഞ്ചു ലിറ്ററും വൈകുന്നേരം മൂന്നു ലിറ്ററുമായിരുന്നു കറവ. ഏഴു വർഷം അങ്ങനെ തുടർന്നു. ഇപ്പോൾ രാവിലെ രണ്ടര ലിറ്ററും വൈകുന്നേരം ഒന്നര ലിറ്ററുമാണ്. കാലിത്തീറ്റകൾ ഒന്നും കൊടുക്കാതെയാണ് ഇപ്പോൾ ഇത്രയും പാൽ ലഭിക്കുന്നത്.മൂന്നേക്കറോളം വരുന്ന സണ്ണിയുടെ പുരയിടത്തിലെ പുല്ലാണ് പശുവിന് ആഹാരം.
കുട്ടികൾ കറന്നാൽ പോലും വഴക്കില്ലാത്ത ശാന്തസ്വഭാവമുള്ള ഇവൾ തങ്ങൾക്കു കൂട്ടുകാരിയെപ്പോലെയോ വീട്ടിലെ സ്വന്തം അംഗത്തെപ്പോലെയോ ആണെന്നു സണ്ണിയും ഭാര്യ ലിസിയും പറയുന്നു.