ചങ്ങനാശേരി: എൻഎസ്എസിനെ ചെറുതാക്കി കാണിക്കാൻ സിപിഎം സെക്രട്ടറി കോടിയേരി ശ്രമിക്കേണ്ടെന്നും സമയംപോലെ പറ്റിക്കൂടിനിന്ന് എന്തെങ്കിലും നേടുന്ന സംസ്കാര മല്ല എൻഎസ്എസിനുള്ളതെന്നും, ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.
എൻഎസ്എസുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഇടതുപക്ഷം തയാറാണെന്നും എൻഎസ്എസിലെ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തിനൊപ്പമാണെന്നും നേതൃത്വത്തിന് വിപ്രതിപത്തി കാണുമായിരിക്കുമെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടിയേരിയുടെ ഈ അഭിപ്രായം യുക്തിഭദ്രമല്ല. എൻഎസ്എസിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെടുന്നവരുണ്ട്. രാഷ്ട്രീയത്തിന് അതീതമായവരും ഉണ്ട്. അവരിൽ ബഹുഭൂരിപക്ഷം തങ്ങളോടൊപ്പമാണ് ഉള്ളതെന്ന കോടിയേരിയുടെ പ്രസ്താവന നിരർഥകമാണ്.
എൻഎസ്എസ് നേതൃത്വം പറഞ്ഞാൽ നായന്മാരാരും കേൾക്കില്ല, എല്ലാവരും ഞങ്ങളോടൊപ്പമാണ് എന്ന് മുന്പ് പറഞ്ഞിട്ടുള്ളവരുടെ അവസ്ഥ ഇന്ന് എന്താണെന്നുള്ളതു കോടിയേരി ഓർക്കുന്നത് നന്നാണെന്നും സുകുമാരൻ നായർ ഓർമിപ്പിച്ചു.
എൻഎസ്എസ് നേതൃത്വത്തിനു സർക്കാരിനോടു വിപ്രതിപത്തി ഉണ്ടെന്നുള്ള കാര്യം പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. അതു സ്വാർഥപരമല്ല, വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ മാത്രമാണ്. അക്കാര്യത്തിൽ ശത്രുപക്ഷത്താണ് എൻഎസ്എസിനെ കാണുന്നതെങ്കിൽ അതിനെ എൻഎസ്എസ് വിശ്വാസികളോടൊപ്പം സമാധാനപരമായി നേരിടുകതന്നെ ചെയ്യുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.